രക്ഷപ്പെടാന്‍ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടിയെങ്കിലും ചിഞ്ചിലം സതീശന് രക്ഷപ്പെടാനായില്ല, പൊലീസ് അറസ്റ്റുചെയ്തത് സിനിമാ സ്റ്റൈലില്‍

തൃപ്പൂണിത്തുറ: നിരവധി മോഷണകേസുകളിലെ പിടികിട്ടാപ്പുള്ളിയെയും സഹായിയെയും തൃപ്പൂണിത്തുറ പൊലീസ് സിനിമാ സ്റ്റൈലില്‍ പിടികൂടി. ആറ്റിങ്ങല്‍ ശാസ്താവിളയില്‍ ചിഞ്ചിലം സതീശന്‍ എന്നി വിളിക്കുന്ന സതീഷ് കുമാര്‍ (40) ഇയാളുടെ സഹായിയും മോഷണ കേസുകളില്‍ പ്രതികളുമായ ഇടപ്പള്ളി വട്ടേക്കുന്നം മാനോളിപ്പറമ്ബില്‍ റെനീഷ് (27), തിരുവനന്തപുരം കടകംപിള്ളി കണ്ണാന്തറ കരയില്‍ ജോസി നിവാസില്‍ ബെര്‍ച്ച്‌മാന്‍ മകന്‍ അനി എന്ന വിളിപ്പേരുള്ള തിയോഫിന്‍ (39) എന്നിവരാണ് പിടിയിലായത്. തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ നിന്നും ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ 14 നു മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് സതീശന്‍ പിടിയിലാകുന്നത്.
ഇതിനിടെ ഇയാള്‍ക്കൊപ്പം മുന്‍പ് ജയില്‍ ശിക്ഷ അനുഭവിച്ച റെനീഷ് കളമശേരി മെട്രോ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജില്‍ ജീവനക്കാരനായി ജോലി ചെയ്യുന്നതറിഞ്ഞ് ഇയാളെ നിരീക്ഷിച്ചപ്പോള്‍ സതീശനെ ലോഡ്ജില്‍ താമസിപ്പിച്ചിട്ടുള്ളതായി വ്യക്തമായി. പൊലീസ് എത്തിയപ്പോള്‍ പ്രതി നാലാം നിലയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. തുടര്‍ന്ന് ലോഡ്ജില്‍ റൂമില്‍നിന്നും വസ്ത്രവും ബാഗും എടുക്കാന്‍ പുലര്‍ച്ചെ എത്തിയ പ്രതിയെ മല്‍പ്പിടുത്തത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ലിസി ആശുപത്രിക്കു സമീപം നിന്നും രണ്ടു പള്‍സര്‍ ബൈക്കുകള്‍, തൃപ്പൂണിത്തുറയില്‍ നിന്നും സ്‌കൂട്ടറില്‍ സൂക്ഷിച്ച 6 പവന്‍ സ്വര്‍ണം, ഉദയംപേരൂര്‍ നടക്കാവ് ക്ഷേത്രത്തിനു സമീപം സ്‌കൂട്ടറില്‍ നിന്നും പണമടങ്ങിയ ബാഗ്, എളമക്കര പുന്നക്കല്‍ ക്ഷേത്രത്തിനു സമീപത്തുനിന്നും സ്‌കൂട്ടറില്‍ സൂക്ഷിച്ച സ്വര്‍ണം, വലിയകുളത്തു സ്‌കൂട്ടറില്‍ നിന്നും സ്വര്‍ണം തുടങ്ങിയ നിരവധി മോഷണങ്ങളും നടത്തിയതായി പ്രതി സമ്മതിച്ചു. പണമോ സ്വര്‍ണമോ നഷ്ടപ്പെട്ടവര്‍ തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ നാഗരാജു ചകിലം അറിയിച്ചു. തൃക്കാക്കര അസി. കമ്മിഷണര്‍ പി.വി.ബേബി നേതൃത്വം വഹിച്ച അന്വേഷണ സംഘത്തില്‍ സി.ഐ ഗോപകുമാര്‍, എസ്.ഐ.മാരായ പ്രദീപ് എം.ഷാനവാസ്, കെ.എച്ച് രമേശന്‍, എ.എസ്.ഐ. മാരായ രാജീവ് നാഥ്, എം.ജി.സന്തോഷ്, ഷാജി, സതീഷ്‌കുമാര്‍, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍ എന്നിവരുമുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

