ഉജ്വലം ഇന്ത്യ; ഒന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 68 റൺസ് ജയം, രോഹിത്തിന് അർധ സെഞ്ചറി

ട്വന്റി20യിലും വെസ്റ്റിൻഡീസിനെ നിലത്തു നിർത്താതെ ഇന്ത്യ. തകർപ്പൻ ബാറ്റിങ്ങും പിശുക്കൻ ബോളിങ്ങും കാഴ്ച വച്ച ഇന്ത്യയ്ക്ക് ഒന്നാം ട്വന്റി20യിൽ 68 റൺസിന്റെ ഉജ്വലജയം. സ്കോർ: ഇന്ത്യ– 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 190. വെസ്റ്റിൻഡീസ്– 20 ഓവറിൽ 8ന് 122. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും (44 പന്തിൽ 64) അവസാനം തകർത്തടിച്ച ദിനേഷ് കാർത്തിക്കുമാണ് (19 പന്തിൽ 41*) ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. കാർത്തിക്കാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ക്യാച്ചെടുക്കാനാകാതെ ധവാൻ
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിനെ ഇന്ത്യൻ ബോളർമാർ കുരുക്കിട്ടു നിർത്തി. 4 ഓവർ വീതം എറിഞ്ഞ ആർ.അശ്വിൻ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയി എന്നിവർ യഥാക്രമം വഴങ്ങിയ റൺസ് 22, 24, 26 എന്നിങ്ങനെ. 2 വിക്കറ്റുകൾ വീതം വീഴ്ത്തുകയും ചെയ്തു. ഇന്ത്യൻ ബോളർമാരുടെയെല്ലാം ഇക്കോണമി റേറ്റ് ഏഴിനു താഴെ. 20 റൺസെടുത്ത ഷമാർ ബ്രൂക്സാണ് വിൻഡീസിന്റെ ടോപ് സ്കോറർ. രണ്ടാം ട്വന്റി20 തിങ്കളാഴ്ച. സൂര്യകുമാർ യാദവാണ് (24) രോഹിത്തിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കം കിട്ടിയെങ്കിലും സൂര്യയ്ക്ക് അതു മുതലെടുക്കാനായില്ല. നാലു പന്ത് നേരിട്ട ശ്രേയസ് അയ്യരും പിന്നാലെ പൂജ്യനായി മടങ്ങി. കഷ്ടപ്പെട്ടു കളിച്ച ഋഷഭ് പന്തിനും (14) അധികം തുടരാനായില്ല.
ഹാർദിക് പാണ്ഡ്യയുടെ ഒരു അപ്പർ കട്ട് ശ്രമം തേഡ്മാനിൽ ഒബെദ് മക്കോയിയുടെ കയ്യിലൊതുങ്ങിയതോടെ ഇന്ത്യ 4ന് 102 എന്ന നിലയിലായി. രവീന്ദ്ര ജഡേജ (16) രോഹിത്തിനു കൂട്ടു നൽകിയെങ്കിലും 15–ാം ഓവറിൽ രോഹിത്തിനെ ഹെറ്റ്മെയറുടെ കയ്യിലെത്തിച്ച് ഹോൾഡർ വിൻഡീസിന് ആശ്വാസം നൽകി. 7 ഫോറും 2 സിക്സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിങ്സ്.
എന്നാൽ അപരാജിതമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ കാർത്തിക്കും രവിചന്ദ്രൻ അശ്വിനും (13) ചേർന്ന് 25 പന്തുകളിൽ 52 റൺസ് നേടി. കാർത്തിക് 4 ഫോറും 2 സിക്സുമടിച്ചു. അശ്വിൻ ഒരു സിക്സ്. അവസാന 2 ഓവറിൽ മാത്രം ഇന്ത്യ നേടിയത് 36 റൺസ്!
∙ രാജ്യാന്തര ട്വന്റി20യിലെ റൺവേട്ടക്കാരിൽ ഒന്നാമൻ എന്ന നേട്ടം രോഹിത് ശർമ (3443 റൺസ്) തിരിച്ചു പിടിച്ചു. ന്യൂസീലൻഡ് താരം മാർട്ടിൻ ഗപ്റ്റിലിനെയാണ് (3399 റൺസ്) പിന്നിലാക്കിയത്.

