വാഹനാപകടത്തില്‍ കാല് നഷ്ടപ്പെട്ട സ്വരൂപ് ജനാര്ദനന് ഒന്നരക്കോടി നഷ്ടപരിഹാരം

കല്പറ്റ: വാഹനാപകടത്തില്‍ കാല് നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതിവിധി. കല്പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനനാണ് അനുകൂല വിധി ലഭിച്ചത്. വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ ജഡ്ജി എസ്.കെ. അനില്‍കുമാറാണ് വിധി പറഞ്ഞത്.
2020 ഫെബ്രുവരി എട്ടിന് പുളിയാര്മലയിലുണ്ടായ വാഹനാപകടത്തിലാണ് സ്വരൂപിന് പരിക്കേറ്റത്. സ്വരൂപ് സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും കോയമ്പത്തൂരിലും ചികിത്സിച്ചെങ്കിലും വലതുകാല്‍ നഷ്ടമായി. നഷ്ടപരിഹാരമായി 1,24,42,200 രൂപയും പലിശയും, കേസ് നടത്തിപ്പ് ചെലവുമുള്‍പ്പടെ 1,52,65,127 രൂപ സ്വരൂപിന് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണം.
വയനാട് വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലില്‍നിന്ന് വിധിച്ച നഷ്ടപരിഹാരങ്ങളില്‍ ഏറ്റവും വലിയ തുകയിലൊന്നാണിത്. പരാതിക്കാരനുവേണ്ടി അഡ്വ. സാബു ജോണ്‍ ഓലിക്കല്‍ ഹാജരായി.

