മഹാരാഷ്ട്രയില്‍ 18 മന്ത്രിമാര്‍ അധികാരമേറ്റു; പിന്നാലെ ആദ്യത്തെ തര്‍ക്കവും

മുംബൈ: ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ 18 എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയില്‍നിന്നും ശിവസേനാ വിമതരില്‍നിന്നും ഒന്‍പതു വീതം പേരാണ് മന്ത്രിമാരായത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ പുതിയ മന്ത്രിസഭയെച്ചൊല്ലി ഇരുകക്ഷികളും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിട്ടുണ്ട്. ടിക്‌ടോക് താരത്തിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതനായ സേനാ വിമതന്‍ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയതില്‍ ബി.ജെ.പി നേതൃത്വം പരസ്യമായി എതിര്‍പ്പറിയിച്ചിരിക്കുകയാണ്.
വിമത എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിമാരുടെ പ്രഖ്യാപനം നടന്നത്. 55 സേനാ എം.എല്‍.എമാരില്‍ 40 പേരുടെ പിന്തുണയും ഷിന്‍ഡെയ്ക്കുണ്ട്. നേരത്തെ ഡല്‍ഹിയിലെത്തി അമിത് ഷാ അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളുമായി നിരന്തരം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാരുടെയും വകുപ്പുകളുടെയും കാര്യത്തില്‍ തീരുമാനയത്.
ദാദാ ഭൂസേ, സന്ദീപന്‍ ബുംറെ, ഉദയ് സാമന്ത്, താനാജി സാവന്ത്, അബ്ദുല്‍ സത്താര്‍, ദീപക് കേസര്‍ക്കര്‍, ഗുലാബ്‌റാവു പാട്ടീല്‍, സഞ്ജയ് റാത്തോഡ്, ശംഭുരാജെ ദേശായ് എന്നിവരാണ് സേനാ വിമതക്യാംപില്‍നിന്ന് മന്ത്രിസഭയിലെത്തിയത്. ബി.ജെ.പിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുന്‍ഗണ്ടിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാഡെ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചൗഹാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയ് കുമാര്‍ ഗാവിത്, അതുല്‍ സാവെ എന്നിവരും മന്ത്രിമാരായി.
ശിവസേനയ്ക്കകത്ത് ഉദ്ദവ് താക്കറയ്‌ക്കെതിരായ വിമതനീക്കത്തിന്റെ ഭാഗമായ നേതാക്കള്‍ക്ക് പുതിയ മന്ത്രിസഭാ രൂപീകരണത്തില്‍ മതിയായ പരിഗണന ലഭിച്ചിട്ടുണ്ട്. ഇതോടൊപ്പം ബി.ജെ.പി ക്യാംപില്‍നിന്ന് എതിര്‍പ്പ് ഉയരാതെയും നോക്കിയിട്ടുണ്ട്. ദാദാ ഭൂസെ ഷിന്‍ഡെയുടെ വലംകൈയാണ്. ഉദ്ദവ് സര്‍ക്കാരില്‍ കാര്‍ഷികമന്ത്രിയായിരുന്നു. ചന്ദ്രകാന്ത് പാട്ടീല്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും സുധീന്‍ മുതിര്‍ന്ന നേതാവുമാണ്.
എന്നാല്‍, മന്ത്രിസഭ അധികാരമേറ്റതിനു പിന്നാലെ തന്നെ ആദ്യ തര്‍ക്കവും തലപൊക്കിയിരിക്കുകയാണ്. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ചിത്ര കിഷോര്‍ വാഗ് അടക്കമുള്ള പ്രമുഖര്‍ തന്നെ സഞ്ജയ് റാത്തോഡിനെ മന്ത്രിയാക്കിയതില്‍ വിമര്‍ശനമായി രംഗത്തെത്തിക്കഴിഞ്ഞു. ടിക്‌ടോക് താരം പൂജ ചവാന്റെ മരണത്തില്‍ ഉത്തരവാദിയായ മുന്‍ മന്ത്രി റാത്തോഡിന് വീണ്ടും മന്ത്രിസ്ഥാനം നല്‍കിയത് ദൗര്‍ഭാഗ്യകരമാണെന്ന് ചിത്ര കിഷോര്‍ ട്വീറ്റ് ചെയ്തു.
ഉദ്ദവ് താക്കറെ സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന റാത്തോഡ് പൂജയുടെ മരണത്തില്‍ ആരോപണം ഉയര്‍ന്നതിനു പിന്നാലെ രാജിവയ്ക്കുകയായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തിയ വന്‍പ്രതിഷേധങ്ങള്‍ക്കു പിന്നാലെയായിരുന്നു രാജി. ഷിന്‍ഡെ വിമതനീക്കം ആരംഭിച്ചതിനു പിന്നാലെ സഞ്ജയ് റാത്തോഡ് അദ്ദേഹത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.
എന്നാല്‍, റാത്തോഡിനെ ന്യായീകരിച്ച് ഷിന്‍ഡെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന അന്വേഷണത്തില്‍ അദ്ദേഹത്തിന് പൊലീസ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ടെന്നാണ് ഷിന്‍ഡെ ചൂണ്ടിക്കാട്ടിയത്.

