പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവർണർ; വിസിയുടെ വാദങ്ങൾ തള്ളി, നോട്ടിസ് അയയ്ക്കും

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചു. ചാൻസലറുടെ അധികാരം ഉപയോഗിച്ചാണ് നടപടി. റിസർച് സ്കോറിൽ പിന്നിലായിരുന്ന പ്രിയ വർഗീസ് നിയമന അഭിമുഖത്തിൽ ഒന്നാമത് എത്തിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഗവർണറുടെ നിർണായക തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ.ഗോപിനാഥ് രവീന്ദ്രൻ നൽകിയ വിശദീകരണം ഗവർണർ തള്ളി. വൈസ് ചാൻസലറിന് കാരണം കാണിക്കൽ നോട്ടിസും നൽകും. പ്രിയ വർഗീസിന്റെ നിയമന നടപടിയുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങൾക്കും നോട്ടിസ് നൽകും.
സ്വജനപക്ഷപാതവും ചട്ടലംഘനവും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ, പ്രിയയുടെ നിയമന വിവാദത്തിൽ നിർണായക തീരുമാനം അര മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വൈകിട്ട് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമനം മരവിപ്പിച്ചത്.

