മൃതദേഹമെങ്ങനെ ഒറ്റയ്ക്ക് ഡക്ടിൽ കയറ്റി; ഫ്ളാറ്റിലെ കൊലപാതകത്തില് ദൂരൂഹത ഒഴിയുന്നില്ല……

കാക്കനാട്: ഇൻഫോപാർക്കിനടുത്തെ ഫ്ലാറ്റിൽ മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണനെ (22) കൊലപ്പെടുത്തിയ ശേഷം മുറിയിൽ ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ദുരൂഹതയുടെ ചുരുളഴിയുന്നില്ല. യുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ ശേഷം ഫ്ളാറ്റിലെ മാലിന്യക്കുഴലുകൾ കടന്നുപോകുന്ന ഡക്ടിൽ തള്ളിക്കയറ്റിയതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.
കൊലപാതകം നടന്ന മുറി തുടച്ച് വൃത്തിയാക്കിയിട്ടുണ്ട്. വൃത്തിയാക്കലും മൃതദേഹം പൊതിഞ്ഞുകെട്ടി ഒളിപ്പിക്കലുമെല്ലാം ഒറ്റയ്ക്ക് ചെയ്യാൻ ബുദ്ധിമുട്ടാണ്. എന്നാൽ, ഫൊറൻസിക് സംഘം ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടയാളെ കൂടാതെ ഒന്നിലധികം പേർ ഉണ്ടായിരുന്നതിന് സാഹചര്യ തെളിവുകൾ ഇല്ല.
ഇതിനാൽത്തന്നെ കൊലപാതകവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തുവെച്ച് പോലീസ് പിടികൂടിയ പയ്യോളി സ്വദേശി അർഷാദിനെ വിശദമായി ചോദ്യം ചെയ്താലേ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കൂ. അതേസമയം അർഷാദ് കുറ്റസമ്മത മൊഴി നടത്തിയതായാണ് പോലീസിൽനിന്നു ലഭിക്കുന്ന വിവരം.
കൊലപാതകം നടന്ന ദിവസം അർഷാദിനൊപ്പം ഫ്ളാറ്റിൽ മറ്റാരും വന്നു പോയതായി തെളിവുകൾ ലഭിച്ചിട്ടില്ല. ഫ്ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ഇവരിൽനിന്ന് നിർണായക മൊഴിയൊന്നും ലഭിച്ചിട്ടില്ല.
ക്യാമറകളെല്ലാം ഡമ്മി
ഫ്ലാറ്റിൽ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ക്യാമറകളെല്ലാം ഡമ്മിയായിരുന്നു എന്നതും ഉദ്യോഗസ്ഥരെ വെട്ടിലാക്കി. ഇതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.
ഇതിനിടെ കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ സുഹൃത്തുക്കളുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി. കൂടെ താമസിച്ചിരുന്ന സുഹൃത്തുക്കളിൽ ചിലർ വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നുവെന്ന് മൊഴി നൽകിയിട്ടുണ്ടെങ്കിലും ഇക്കാര്യം പോലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർ യാത്ര പോയതായി പറയുന്ന സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും.

