ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബാങ്കുവിളി ഇതര മതവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉച്ചഭാഷിണികളിലൂടെയുള്ള ബാങ്കുവിളി നിര്‍ത്താന്‍ പള്ളികളോട് ഉത്തരവിടാന്‍ കോടതി വിസമ്മതിച്ചു. ബാങ്കുവിളിക്കെതിരായ പൊതുതാല്പര്യ ഹരജി തള്ളിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ലൗഡ്സ്പീക്കറുമായി ബന്ധപ്പെട്ട് ശബ്ദ മലിനീകരണ നിയമങ്ങള്‍ ആവിഷ്കരിക്കാനും എട്ടാഴ്ചക്കകം തദ്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
ബെംഗളുരു സ്വദേശിയായ മഞ്ജുനാഥ് എസ് ഹലവാര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്.
മുസ്ലിങ്ങളുടെ സുപ്രധാന മതാചാരമാണ് ബാങ്കുവിളിയെങ്കിലും അതിന്റെ ഉള്ളടക്കവും ശബ്ദവും ഇതരമത വിശ്വാസികളെ ബുദ്ധിമുട്ടിക്കുന്നതാണെന്നായിരുന്നു ഹരജിയിലെ വാദം.
എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25ഉം 26ഉം ഇന്ത്യന്‍ നാഗരികതയുടെ സവിശേഷതയായ സഹിഷ്ണുതയുടെ തത്വം ഉള്‍ക്കൊള്ളുന്നുവെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 (1) വ്യക്തികള്‍ക്ക് അവരുടെ സ്വന്തം മതം സ്വതന്ത്രമായി സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള മൗലികാവകാശങ്ങള്‍ നല്‍കുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ബാങ്കുവിളിയുടെ ഉള്ളടക്കം ഹരജിക്കാരനും മറ്റ് മതവിശ്വാസികള്‍ക്കും ഉറപ്പുനല്‍കുന്ന മൗലികാവകാശത്തെ ഹനിക്കുന്നു എന്ന വാദം അംഗീകരിക്കാനാവില്ല എന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ജൂണ്‍ 17ന്, ഉച്ചഭാഷിണികളുടെ ദുരുപയോഗം തടയാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതിയുടെ മറ്റൊരു ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരുന്നു.

