KSDLIVENEWS

Real news for everyone

കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഘട്ടംഘട്ടമായി നല്‍കിയാല്‍മതി; ശുപാര്‍ശയുമായി വിജിലന്‍സ്

SHARE THIS ON

തിരുവനന്തപുരം: കെട്ടിടനിര്‍മാണ പെര്‍മിറ്റ് നല്‍കുന്നതിലെ അഴിമതികള്‍ അവസാനിപ്പിക്കാന്‍ പെര്‍മിറ്റ് നല്‍കുന്നത് ഘട്ടംഘട്ടമായി മതിയെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. കെട്ടിടത്തിന്റെ അടിത്തറ നിര്‍മിക്കാന്‍മാത്രം ആദ്യം പെര്‍മിറ്റ് നല്‍കണം. എന്‍ജിനിയറിങ് വിഭാഗം അത് പരിശോധിച്ച് പ്ലാന്‍ അനുസരിച്ചാണ് നിര്‍മാണമെന്ന് ഉറപ്പാക്കിയാല്‍മാത്രം തുടര്‍നിമാണത്തിന് അനുമതി നല്‍കിയാല്‍ മതിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും നടത്തിയ മിന്നല്‍പരിശോധനയുമായി ബന്ധപ്പെട്ടാണ് ആഭ്യന്തരസെക്രട്ടറിക്ക് ശുപാര്‍ശയടങ്ങുന്ന റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത്.

നിലവില്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റിന് അപേക്ഷ ലഭിക്കുമ്പോഴും നിര്‍മാണം പൂര്‍ത്തിയാക്കി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോഴും മാത്രമേ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നുള്ളൂ. ഇത് അഴിമതിക്ക് കാരണമാകുന്നു. കെട്ടിടനികുതി പുനര്‍നിര്‍ണയിക്കുമ്പോള്‍ അനുവാദം വാങ്ങാതെ കൂടുതല്‍ നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ അതും എന്‍ജിനിയറിങ് വിഭാഗത്തെക്കൊണ്ട് പരിശോധിപ്പിക്കണം. കെട്ടിട നിര്‍മാണച്ചട്ടത്തിന് എതിരായ നിര്‍മാണമാണെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

നികുതിനിര്‍ണയം പരിശോധിക്കാന്‍ സമിതി വേണം

കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും രണ്ടുവര്‍ഷത്തിനിടെ പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളുടെ നികുതിനിര്‍ണയം ശരിയാണോയെന്ന് ഉറപ്പാക്കാന്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കണമെന്നും ശുപാര്‍ശയുണ്ട്. ജൂലായ് 22-ന് വിവിധ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും നടത്തിയ പരിശോധനയില്‍ വന്‍ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടികള്‍ സ്വീകരിക്കണം.

ഓണ്‍ലൈനായി ‘സഞ്ചയ’ വഴി നികുതിയടയ്ക്കാനുള്ള സംവിധാനം ഇതുവരെ ഏര്‍പ്പെടുത്താത്ത നഗരസഭകളില്‍ അത് എത്രയും വേഗം എര്‍പ്പെടുത്തണം. 300 ചതുരശ്രമീറ്ററിന് താഴെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ പെര്‍മിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും പെര്‍മിറ്റ് നല്‍കുന്നതിനുമുള്ള ഐ.ബി.പി.എം.എസ് സോഫ്റ്റ്വേര്‍ സംവിധാനം 300 ചതുരശ്രമീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്കായും ഉപയോഗപ്പെടുത്തണം.

കണ്ടെത്തിയത് വന്‍ക്രമക്കേടുകള്‍

ആറ് കോര്‍പ്പറേഷനുകളിലും 53 മുനിസിപ്പാലിറ്റികളിലുമാണ് വിജിലന്‍സ് പരിശോധന നടത്തിയത്. നിര്‍മാണച്ചട്ടങ്ങള്‍ പാലിക്കാതെയുള്ളവയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി, ഒരു പരിശോധനയും നടത്താതെ കെട്ടിടങ്ങളുടെ നികുതി പുനര്‍നിര്‍ണയിച്ചു, ഓഫീസ് സമയത്തിനുശേഷവും സോഫ്റ്റ്വേര്‍ പാസ്വേഡ് ക്രമവിരുദ്ധമായി ഉപയോഗിച്ച് വിവിധ അനുമതികള്‍ നല്‍കി എന്നിവയുള്‍പ്പടെയുളള ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!