കോട്ടിക്കുളം റെയില്‍ പാളത്തില്‍ ഇരുമ്പ്പാളി വെച്ചത് തമിഴ്‌നാട്ടുകാരിയായ സ്ത്രീ; പിടികൂടിയത് പൊലീസിന്റേയും ആര്‍പിഎഫിന്റേയും സമര്‍ഥമായ അന്വേഷണത്തില്‍

ബേക്കല്‍: റെയില്‍ പാളത്തില്‍ ഇരുമ്ബുപാളി വെച്ചത് തമിഴ്‌നാട്ടുകാരിയായ 22-കാരിയാമെന്ന് തെളിഞ്ഞതായി പൊലീസ്. ഇവരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച ഇരുമ്ബുപാളിയാണ് കണ്ടെത്തിയത്. ഇതിലെ കോണ്‍ക്രീറ്റ് ഭാഗം ട്രെയിന്‍ ഇടിച്ച് പൊളിഞ്ഞാല്‍ കൂടെ ഉള്ള ഇരുമ്ബുപാളി ആക്രി വില്‍പനയ്ക്കായി കിട്ടുമെന്ന നിസാരമായ ചിന്തയാണ് ഇവരെ ഇത്തരമൊരു പ്രവൃത്തി നടത്താന്‍ ഇടയാക്കിയതെന്നും മറ്റു ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയും ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറും ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ കതിരേഷ് ബാബുവും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ബേക്കല്‍ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന തമിഴ്‌നാട്ടിലെ കനകവല്ലി (22) ആണ് അറസ്റ്റിലായത്. 10 ദിവസം മുമ്ബാണ് കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്ബുപാളി പാളത്തില്‍ വെച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ അട്ടിമറി ശ്രമമെന്നാണ് പൊലീസ് കരുതിയത്. ഇതിനെ തുടര്‍ന്ന് പൊലീസും ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് കനകവല്ലി കുടുങ്ങിയത്. ഇവരെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. പൊലീസിന്റെ സമര്‍ഥമായ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ അറസ്റ്റിലായത്.
പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന ഇവരെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അപകട സാധ്യതയെ കുറിച്ചോ മറ്റോ ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പാളത്തില്‍ ഇരുമ്ബു പാളി കണ്ടെത്തിയ ദിവസം തന്നെ ചിത്താരിയില്‍ ട്രെയിനിന് നേരെ കല്ലേറും കോട്ടിക്കുളത്ത് ബിയര്‍ ബോടില്‍ കൊണ്ടുള്ള ഏറും കുമ്ബളയില്‍ പാളത്തില്‍ കല്ല് നിരത്തിവെച്ച സംഭവവും നടന്നിരുന്നു. കാസര്‍കോട് തളങ്കരയിലും പാളത്തില്‍ കല്ല് വെച്ചതായി കണ്ടെത്തിയിരുന്നു. ആകെ അഞ്ച് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റെയില്‍വേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസര്‍കോട് എത്തിയിരുന്നു.

