KSDLIVENEWS

Real news for everyone

വീണ്ടും ‘പത്താന്‍ ബ്രദേഴ്‌സ്’ ഷോ; തുടരെ സിക്‌സര്‍ പറത്തി സൂപ്പര്‍ ഫിനിഷ്

SHARE THIS ON

കൊല്‍ക്കത്ത: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണില്‍ ഇന്ത്യയ്ക്ക് മിന്നും തുടക്കം. പത്താന്‍ ബ്രദേഴ്‌സിന്റെ അത്യുജ്ജ്വല വെടിക്കെട്ട് ഫിനിഷിങ്ങിലൂടെ ഇന്ത്യന്‍ മഹാരാജാസ് വേള്‍ഡ് ജയന്റ്‌സിനെ ആറു വിക്കറ്റിനു തകര്‍ത്തു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യയുടെ വിജയം. ടിം ബ്രെസ്നന്‍, മുത്തയ്യ മുരളീധരന്‍, ഡാനിയല്‍ വെട്ടോറി, മോണ്ടി പനേസര്‍, തിസാര പെരേര തുടങ്ങിയ ലോകോത്തര ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയായിരുന്നു വെടിക്കെട്ട് പ്രകടനം. അഞ്ചു വിക്കറ്റുകള്‍ കൊയ്ത പങ്കജ് സിങ്ങും അര്‍ധസെഞ്ച്വറികള്‍ അടിച്ചെടുത്ത തന്മയ് ശ്രീവാസ്തവയും യൂസുഫ് പത്താനുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ 2022 സീസണിനു തുടക്കം കുറിച്ചു നടന്ന ആദ്യ മത്സരത്തിലാണ് ലോകോത്തര താരങ്ങളുടെ വമ്ബന്‍നിരയെ ഇന്ത്യ തറപറ്റിച്ചത്. ഹര്‍ഭജന്‍ സിങ്ങാണ് ഇന്ത്യന്‍ മഹാരാജാസിനെ നയിച്ചത്. വേള്‍ഡ് ജയന്റ്‌സ് ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യന്‍ മഹാരാജാസിന് തുടക്കത്തില്‍ തന്നെ സൂപ്പര്‍ താരം വീരേന്ദര്‍ സേവാഗിനെ നഷ്ടപ്പെട്ടു. ഫിഡല്‍ എഡ്വേഡ്‌സിന്റെ പന്തില്‍ തദേന്ത തായ്ബുവിന് ക്യാച്ച്‌ നല്‍കിയാണ് സേവാഗ്(നാല്) മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ തന്മയ് ശ്രീവാസ്തവ ഓപണര്‍ പാര്‍ത്ഥീവ് പട്ടേലിനെ കൂട്ടുപിടിച്ച്‌ ഇന്ത്യയെ വിജയലക്ഷ്യത്തിലേക്ക് നയിച്ചു. ഇടയ്ക്ക് പാര്‍ത്ഥീവ്(18) ടിം ബ്രെസ്‌നനു വിക്കറ്റ് നല്‍കി മടങ്ങി. നാലാമനായെത്തിയ മുഹമ്മദ് കൈഫിനും കാര്യമായൊന്നും ചെയ്യാനായില്ല. 11 റണ്‍സ് മാത്രമെടുത്ത് ബ്രെസ്‌നന്റെ പന്തില്‍ ഡാനിയല്‍ വെട്ടോറിക്ക് ക്യാച്ച്‌ നല്‍കി മടങ്ങി.

പിന്നീട് യൂസുഫ് പത്താന്‍-തന്മയ് സംഹാരതാണ്ഡവായിരുന്നു അവിടെ. ലോകോത്തര ബൗളിങ് നിരയെ തുടരെ ബൗണ്ടറി കടത്തി തന്മയ് കത്തിക്കയറി. ഒടുവില്‍ അര്‍ധസെഞ്ച്വറിയും കടന്ന് ബ്രെസ്‌നന് മൂന്നാമത്തെ വിക്കറ്റും നല്‍കിയാണ് താരം മടങ്ങിയത്. 39 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 54 റണ്‍സാണ് തന്മയിയുടെ സമ്ബാദ്യം. തന്മയ് പോയതിനു പിന്നാലെ യൂസുഫ് അര്‍ധസെഞ്ച്വറി പിന്നിട്ടു.

ആറാമനായി ഇറങ്ങിയ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന് സഹോദരനൊപ്പം ചേര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാനുള്ള ദൗത്യം മാത്രമാണുണ്ടായിരുന്നത്. ഫിഡല്‍ എഡ്വേഡ്‌സിനെ തുടരെ ഗാലറിയിലേക്ക് പറത്തി ഇര്‍ഫാന്‍ ഇന്ത്യന്‍ വിജയം കുറിക്കുകയും ചെയ്തു. 35 പന്തില്‍ അഞ്ച് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്ബടിയോടെ 50 റണ്‍സുമായി യൂസുഫും, ഒന്‍പത് പന്തില്‍ മൂന്ന് സിക്‌സറുകള്‍ പറത്തി 20 റണ്‍സുമായി ഇര്‍ഫാനും പുറത്താകാതെ നിന്നു.

ജയന്റ്‌സ് ബൗളര്‍മാരില്‍ മൂന്നു വിക്കറ്റുമായി ടിം ബ്രെസ്‌നന്‍ തന്നെയാണ് തിളങ്ങിയത്. ഫിഡല്‍ ഒരു വിക്കറ്റും നേടി. റയാന്‍ സൈഡ്‌ബോട്ടം, തിസാര പെരേര, മുത്തയ്യ മുരളീധരന്‍, ഡാനിയല്‍ വെട്ടോറി, മോണ്ടി പനേസര്‍ എന്നിവരെല്ലാം മികച്ച ജയന്റ്‌സിനു വേണ്ടി പന്തെറിഞ്ഞു.

നേരത്തെ ടോസ് നേടി ഹര്‍ഭജന്‍ വേള്‍ഡ് ജയന്റ്‌സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ നായകന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചായിരുന്നു ആഗോള അതികായന്മാരുടെ തുടക്കം. ഓപണര്‍മാരായ മുന്‍ അയര്‍ലന്‍ഡ് താരം കെവിന്‍ ഒബ്രിയനും മുന്‍ സിംബാബ്‌വേ താരം ഹാമില്‍ട്ടന്‍ മസകാസയും ചേര്‍ന്ന് തുടക്കത്തില്‍ തന്നെ കത്തിക്കയറി. എന്നാല്‍, ഹാമിള്‍ട്ടനെ(18) തന്മയ് ശ്രീവാസ്തവയുടെ കൈയിലെത്തിച്ച്‌ പങ്കജ് സിങ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ നല്‍കി. മൂന്നാമനായി ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്വസ് കാലീസ് ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും പിന്നീട് ഒന്നും ചെയ്യാനായില്ല. ഇന്ത്യന്‍ നായകന്‍ ഹര്‍ഭജന്റെ പന്ത് ജയന്റ്‌സ് നായകന്റെ(12) കുറ്റി പിഴുതാണ് കടന്നുപോയത്.

കെവിനും മുന്‍ വെസ്റ്റിന്‍ഡീസ് താരം ദിനേശ് രാംദിനും ഒത്തുചേര്‍ന്നതോടെ ഇന്ത്യയ്‌ക്കെതിരെ ജയന്റ്‌സ് പ്രത്യാക്രമണമാണ് പിന്നീട് കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച്‌ കെവിന്‍ അര്‍ധസെഞ്ച്വറി കടന്നു. പിന്നാലെ ഇന്ത്യയുടെ കന്നി ടി20 ലോകകപ്പ് വിജയശില്‍പി ജോഗീന്ദര്‍ ശര്‍മയുടെ പന്തില്‍ ഹര്‍ഭജനു ക്യാച്ച്‌ നല്‍കി മടങ്ങി. 31 പന്തില്‍ ഒന്‍പതു ബൗണ്ടറിയുടെയും ഒരു സിക്‌സിന്റെയും അകമ്ബടിയോടെ 52 റണ്‍സ് അടിച്ചെടുത്താണ് കെവിന്‍ ഒബ്രിയന്‍ മടങ്ങിയത്.

തുടര്‍ന്നുവന്ന തിസാര പെരേര(23) രണ്ടു സിക്‌സും ഒരു ബൗണ്ടറിയുമായി കത്തിക്കയറിയെങ്കിലും മുഹമ്മദ് കൈഫിന്റെ പന്തില്‍ പുറത്തായി. ദിനേശ് രാംദിന്‍ 29 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ജയന്റ്‌സിന്റെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ പങ്കജ് സിങ്ങാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ താരമായത്. നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് പങ്കജ് അഞ്ചുവിക്കറ്റ് സ്വന്തമാക്കിയത്. ഹര്‍ഭജന്‍, ജോഗീന്ദര്‍, കൈഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. മൂന്ന് ഓവര്‍ എറിഞ്ഞ മലയാളി താരം ശ്രീശാന്ത് 46 റണ്‍സ് വിട്ടുകൊടുത്തു. രണ്ട് ഓവര്‍ വീതം എറിഞ്ഞ ഇര്‍ഫാന്‍ പത്താനും യൂസൂഫ് പത്താനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!