‘മത വിദ്വേഷമുണ്ടാക്കുന്നു’; 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രം

ന്യൂഡല്‍ഹി: മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിനായി വ്യാജവാര്‍ത്തകളും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി 45 യൂട്യൂബ് വീഡിയോകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസര്‍ക്കാര്‍. 10 ചാനലുകളില്‍ നിന്നുള്ള വീഡിയോകള്‍ക്കാണ് കേന്ദ്രം പൂട്ടിട്ടത്.
ഇത്തരം വീഡിയോകള്‍ രാജ്യത്ത് സാമുദായിക ദ്രുവീകരണം ഉണ്ടാക്കാനും പൊതുക്രമം തകര്‍ക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകള്‍ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു. ബ്ലോക്ക് ചെയ്‌ത വീഡിയോകളുടെ മൊത്തം കാഴ്‌ചകളുടെ എണ്ണം 1.3 കോടി കവിഞ്ഞിരുന്നു.
ബ്ലോക്ക് ചെയ്ത ചില വീഡിയോകള്‍ അഗ്നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, കാശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു എന്ന് മന്ത്രാലയം പറയുന്നു. അവ തെറ്റായ ഉള്ളടക്കം നിറഞ്ഞതും ദേശീയ സുരക്ഷയേയും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തേയും ബാധിക്കുന്നതുമാണെന്ന് വ്യക്തമായെന്നും സര്‍ക്കാര്‍ പറയുന്നു.
ഇവയില്‍ 13 എണ്ണം ലൈവ് ടിവി എന്ന ചാനലില്‍ നിന്നുള്ളതാണ്. ഇന്‍ക്വിലാബ് ലൈവ്, ദേശ് ഇന്ത്യ ലൈവ് എന്നിവയില്‍ നിന്നും ആറെണ്ണം വീതം, ഹിന്ദ് വോയ്സില്‍ നിന്ന് ഒമ്ബതെണ്ണം, ഗെറ്റ്സെറ്റ് ഫ്ലൈ ഫാക്‌ട് , 4 പിഎം എന്നിവയില്‍ നിന്നും രണ്ടെണ്ണം വീതം, മിസ്റ്റര്‍ റിയാക്ഷന്‍ വാലയില്‍ നിന്നും നാലണ്ണം, നാഷനല്‍ അദ്ദ, ദ്രുവ് രാതേ, വിനയ് പ്രതാപ് സിങ് ഭോപര്‍ എന്നിവയില്‍ നിന്നും ഒരെണ്ണം വീതവുമാണ് നിരോധിച്ചത്.
“രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഗൂഢാലോചനയില്‍ ഈ ചാനലുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും വിദേശ സംസ്ഥാനങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന് ഹാനികരമാണെന്നും കണ്ടെത്തി. ഭാവിയില്‍ ഇത്തരം ചാനലുകള്‍ക്കെതിരായ നടപടികള്‍ തുടരും”- ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു.
ചില വീഡിയോകളില്‍ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്തായാണ് കാണിക്കുന്നതെന്നും ഐടി റൂള്‍സ്-2001 പ്രകാരമാണ് 45 വീഡിയോകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

