KSDLIVENEWS

Real news for everyone

6, 6, 6, 4… കത്തിക്കയറി പത്താന്‍, ഉജ്ജ്വലം ഓജ; ആസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ് ഫൈനലില്‍

SHARE THIS ON

റായ്പൂര്‍: ഓസീസിന്റെ വിഖ്യാത ബൗളര്‍മാരെ നിലംപരിശാക്കി ഇര്‍ഫാന്‍ പത്താന്‍ അവസാന ഓവറുകലില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ ലെജന്‍ഡ്‌സ് റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ഫൈനലില്‍. വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയുടെ സെഞ്ച്വറിയോളം പോന്ന മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സ്(90*) ആണ് ഇന്ത്യയെ വിജയതീരത്തേക്ക് നയിച്ചത്.

ലോകക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ മാറ്റുരയ്ക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിലാണ് ഇന്ത്യന്‍ ഇതിഹാസങ്ങളുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ആസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സ് 172 എന്ന വലിയ വിജയലക്ഷ്യമാണ് ഇന്ത്യയ്‌ക്കെതിരെ ഉയര്‍ത്തിയത്. ബെന്‍ ഡങ്ക്, നായകന്‍ ഷെയിന്‍ വാട്‌സണ്‍, അലെക്‌സ് ഡൂലന്‍, കാമറോണ്‍ വൈറ്റ് എന്നിവരുടെ ഇന്നിങ്‌സാണ് കങ്കാരുപ്പടയെ തുണച്ചത്. എന്നാല്‍, മറുപടി ബാറ്റിങ്ങില്‍ മുന്‍നിര താരങ്ങളെല്ലാം കൂടാരം കയറിയപ്പോള്‍ ഒരറ്റത്ത് ഓജ നിലയുറപ്പിച്ച്‌ കളിക്കുകയായിരുന്നു. ഒടുവില്‍, ഇര്‍ഫാന്‍ പത്താന്റെ(37*) വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യയെ കലാശപ്പോരിന് അര്‍ഹരാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് സംഘത്തില്‍ ഓപണര്‍മാരായ വാട്‌സന്‍(21 പന്തില്‍ ആറ് ബൗണ്ടറിയുടെ അകമ്ബടിയോടെ 30), ഡൂലന്‍(31 പന്തില്‍ അഞ്ച് ബൗണ്ടറിയുമായി 35) എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത്. മൂന്നാമനായി ഇറങ്ങിയ ബെന്‍ ഡങ്ക് ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി കടത്തി. അര്‍ധസെഞ്ച്വറിയിലേക്ക് കുതിച്ച താരത്തെ അഭിമന്യൂ മിഥുനിന്റെ പന്തില്‍ ഞെട്ടിപ്പിക്കുന്ന ക്യാച്ചിലൂടെ സുരേഷ് റെയ്‌ന പിടികൂടുകയായിരുന്നു. 26 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയ ഡങ്ക് 46 റണ്‍സാണ് അടിച്ചെടുത്തത്. അവസാന ഓവറുകളില്‍ കാമറോണ്‍ വൈറ്റ്(18 പന്തില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയും സഹിതം 30) നടത്തിയ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഓസ്‌ട്രേലിയ 171 എന്ന മികച്ച നിലയിലെത്തിയത്.

ഇന്ത്യന്‍ ബൗളര്‍മാരില്‍ യൂസുഫ് പത്താന്‍, മിഥുന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് നേടി. രാഹുല്‍ ശര്‍മയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. സ്റ്റുവര്‍ട്ട് ബിന്നിയും മുനാഫ് പട്ടേലും ഒരു ഓവറില്‍ 13 റണ്‍സാണ് വാങ്ങിച്ചുകൂട്ടിയത്.

മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ സൂപ്പര്‍ താരവും നായകനുമായ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. 11 പന്തില്‍ 10 റണ്‍സുമായാണ് സച്ചിന്‍ മടങ്ങിയത്. മൂന്നാമനായി ഇറങ്ങിയ റെയ്‌നയ്ക്കും അധികം ആയുസുണ്ടായില്ല. എട്ട് പന്തില്‍ 11 റണ്‍സുമായി താരവും പുറത്ത്. പിന്നീട് നാലാമനായെത്തിയ യുവരാജ് സിങ്ങിനെ കൂട്ടുപിടിച്ചാണ് ഓജ ഇന്ത്യയെ കരകയറ്റിയത്. എന്നാല്‍, യുവരാജിനെ വാട്‌സണ്‍ ക്ലീന്‍ബൗള്‍ഡാക്കി. 15 പന്തില്‍ രണ്ട് ബൗണ്ടറി സഹിതം 18 റണ്‍സുമായാണ് യുവരാജ് മടങ്ങിയത്. സ്റ്റുവര്‍ട്ട് ബിന്നി(രണ്ട്)യും യൂസുഫ് പത്താനും(ഒന്ന്) വന്ന വഴിക്കു തന്നെ കൂടാരം കയറി.

ഒടുവില്‍ ഇര്‍ഫാന്‍ പത്താനാണ് ഇന്ത്യയെ അവസാന ഓവറുകളിലെ വെടിക്കെട്ട് പ്രകടനത്തിലൂടെ രക്ഷകനായത്. ഓസീസ് ഇതിഹാസങ്ങളായ ബ്രെട്ട് ലീ, ഡേര്‍ക്ക് നാന്‍സ് എന്നിവര്‍ എറിഞ്ഞ അവസാന ഓവറുകളിലായിരുന്നു താരം കത്തിക്കയറിയത്. നാണ്‍സിനെ നാലു തവണയാണ് പത്താന്‍ ഗാലറിയിലേക്ക് പറത്തിയത്. 20-ാം ഓവര്‍ എറിഞ്ഞ ബ്രെട്ട്‌ലീയെ ബൗണ്ടറി കടത്തി പത്താന്‍ ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി. ഓജ 62 പന്തില്‍ ഏഴു ബൗണ്ടറിയും അഞ്ച് സിക്‌സറും പറത്തി 90 റണ്‍സാണ് അടിച്ചെടുത്തത്. പത്താന്‍ 12 പന്തില്‍ നാല് സിക്‌സറും രണ്ടു ബൗണ്ടറിയും പറത്തി 37 റണ്‍സുമെടുത്തു.

ഓസീസ് ബൗളര്‍മാരില്‍ നായകന്‍ ഷെയിന്‍ വാട്‌സന്‍ രണ്ടു വിക്കറ്റുമായി തിളങ്ങി. നഥാന്‍ റീഡന്‍, ബ്രൈസ് മഗ്ഗെയിന്‍, ജെയ്‌സന്‍ ക്രേഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. ബ്രെട്ട് ലീ 3.2 ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി ഇന്ത്യന്‍ മുന്‍നിരയെ വരിഞ്ഞുമുറുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!