ഇഖ്ബാൽ ഗേറ്റിലോ മാണിക്കോത്തോ മേൽപ്പാലം വരണം: നാട് പാളം കടക്കുന്നത് നെഞ്ചിൽ കൈവെച്ച്

കാഞ്ഞങ്ങാട് : കോട്ടച്ചേരിയിൽ മേൽപ്പാലമുണ്ടല്ലോ പിന്നെന്തിനാണ് ഇഖ്ബാൽ ഗേറ്റിലോ മാണിക്കോത്തോ റെയിൽവേ മേൽപ്പാലമെന്ന് ചോദിക്കുന്നവരോട് അജാനൂർ പഞ്ചായത്തുകാർക്ക് ചോദിക്കാനുള്ളത് ‘ഞങ്ങൾ എങ്ങനെയാണ് കോട്ടച്ചേരി പാലത്തിനടുത്തേക്ക് എത്തുക’ എന്നാണ്. അജാനൂരുകാരുടെ ഈ ചോദ്യത്തിനുത്തരം കിട്ടണമെങ്കിൽ ഇട്ടമ്മലുൾപ്പെടെയുള്ള പ്രദേശത്തുനിന്ന് കോട്ടച്ചേരി പാലത്തിന്റെ പടിഞ്ഞാറുഭാഗത്തേക്കു നടന്നുനോക്കണം. നടന്നുപോകാനാനുള്ള വീതി മാത്രമാണ് ചിലയിടങ്ങളിലുള്ളത്.
നിലവിൽ പൊയ്യക്കര, കൊളവയൽ, അജാനൂർ കടപ്പുറം, കാറ്റാടി തുടങ്ങിയ തീരപ്രദേശങ്ങളിലുള്ളവർ മാണിക്കോത്തെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയാണ്. ഇവിടെ ഗേറ്റില്ല. എന്നാൽ ഇരുഭാഗത്തും റോഡുണ്ട്. ഈ പ്രദേശങ്ങളിലെ തെക്കുഭാഗത്തുള്ളവർക്കും ഇട്ടമ്മൽ ഉൾപ്പെടെയുള്ള മറ്റിടങ്ങളിലേയും ആളുകൾക്കും ആശ്രയം ഇഖ്ബാൽ ഗേറ്റാണ്.
കാഞ്ഞങ്ങാട് പട്ടണത്തിലേക്കും മൻസൂർ കവല, അതിഞ്ഞാൽ, മാണിക്കോത്ത് തുടങ്ങി ചന്ദ്രഗിരി റൂട്ട് കടന്നുപോകുന്ന പൊതുമരാമത്ത് റോഡിലേക്കുമെത്തണമെങ്കിൽ മേൽപ്പറഞ്ഞ പ്രദേശത്തെ ആളുകൾക്ക് ഇഖ്ബാൽ ഗേറ്റോ മാണിക്കോത്ത് ട്രാക്കിലെ വഴിയോ ആണ് ആശ്രയം. സ്‌കൂളുകളും സർക്കാർ സ്ഥാപനങ്ങളുമെല്ലാം അപ്പുറവും ഇപ്പുറവുമായുണ്ട്. എൽ.പി. സ്‌കൂൾ വിദ്യാർഥികൾ പോലും മാണിക്കോത്ത് ട്രാക്ക് മുറിച്ചുകടക്കുന്നു. ഇഖ്ബാൽ ഗേറ്റിലോ മാണിക്കോത്തോ അല്ലെങ്കിൽ ഇതിനിടയിലുള്ള വിശാലമായ സ്ഥലത്തോ മേൽപ്പാലം പണിയണമെന്നാണ് അജാനൂരുകാർ ആവശ്യപ്പെടുന്നത്.
ടൂറിസം വില്ലേജ് മാത്രം പോര
കഴിഞ്ഞ ദിവസം ടൂറിസം മന്ത്രി ജില്ലയിലെത്തി പ്രഖ്യാപിച്ച ബേക്കൽ ടൂറിസം വില്ലേജ് പൊയ്യക്കരയിലാണ്. ഇവിടേക്ക് എങ്ങനെ എത്തിച്ചേരുമെന്ന ചോദ്യമാണ് നാട്ടുകാരുടേത്. മാണിക്കോത്ത് റെയിൽവേ ഗേറ്റുണ്ടെങ്കിൽ സഞ്ചാരികൾക്ക് എളുപ്പത്തിലെത്താനാകും. അജാനൂരിൽ മീൻപിടിത്ത തുറമുഖവും വരും. തീരദേശ ഹൈവേ വരുന്നത് അജാനൂർ കടപ്പുറം-കൊത്തിക്കാൽ-ചിത്താരി കടപ്പുറം വഴിയാണ്. ഈ പാതയെ കാഞ്ഞങ്ങാട്-കാസർകോട് പാതയുമായി ബന്ധിപ്പിക്കാനും മാണിക്കോത്ത് മേൽപ്പാലം വന്നാൽ സാധിക്കും.

