ഇഖ്ബാല്‍ റോഡിലെ കുരുക്ക് അഴിക്കാതെ വയ്യ; റെയില്‍വേ ഓവര്‍ ബ്രിഡ്ജിനായി നാട്ടുകാര്‍ രംഗത്തിറങ്ങുന്നു

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്തിന്റെ തീരദേശത്തെ അപ്പാടെ കുടുക്കിലാക്കുന്ന റെയില്‍വേ ലൈനിന് കുറുകെ ഓവര്‍ ബ്രിഡ്ജെന്ന ആവശ്യവുമായി സമരരംഗത്തേക്ക് നീങ്ങുകയാണ് നാട്ടുകാര്‍.ആവശ്യം മുന്‍നിര്‍ത്തി 30ന് വൈകുന്നേരം നാലു മണിക്ക് അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നാട്ടുകാരുടെ യോഗം ചേരും. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതു പ്രവര്‍ത്തകര്‍, റോഡിനെ ആശ്രയിക്കുന്ന പൊതുജനങ്ങള്‍, ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങി നാടിന്റെ നന്മ ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും സംബന്ധിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ പി.എം അബ്ദുള്‍ നാസര്‍ ആവശ്യപ്പെടുന്നു.
പൊയ്യക്കര, മുട്ടുന്തല, കൊത്തിക്കാല്‍, അജാനൂര്‍ ബീച്ച്, കൊളവയല്‍, ഇട്ടമ്മല്‍, ചാലിയംനായില്‍, തുടങ്ങിയ ജനവാസ കേന്ദ്രങ്ങളെ കാഞ്ഞങ്ങാട് ടൗണുമായി ബന്ധിപ്പിക്കുന്ന റോഡാണ് ഇഖ്ബാല്‍ റോഡ്. തീരദേശ വാസികള്‍ക്ക് അജാനൂര്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ജില്ലാ ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമെങ്കിലും ആശ്രയം ഈ റോഡ് തന്നെ. ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ക്രസന്റ് ഇംഗ്ലീഷ് സ്കൂള്‍, ശ്രീകുറുംബ സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അജാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്ന രോഗികളും മത്സ്യ തൊഴിലാളികളും ഒരുപോലെ ആശ്രയിക്കുന്ന റോഡ്. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലേക്കും, അടിമയില്‍ ക്ഷേത്രത്തിലേക്കും, മുട്ടുന്തല മഖാമിലേക്കും നിര്‍ദ്ദിഷ്ട അജാനൂര്‍ ഹാര്‍ബറിലേക്കും, ബി.ആര്‍.ഡി.സിയുടെ ടൂറിസം വില്ലേജിലേക്കും എത്തണമെങ്കിലും ഇഖ്ബാല്‍ റോഡ് മാത്രമാണ് ആശ്രയം. ഇത്രയും പ്രാധാന്യമേറിയ റോഡിലാണ് റെയില്‍വേ ഗേറ്റ് വാഹനങ്ങളെ കുരുക്കിലാക്കുന്നത്. ദിനേന രണ്ടു വശങ്ങളിലേക്കുമായി 56 ട്രെയിനുകള്‍ കടന്നു പോകുമ്ബോള്‍ അത്രയും തവണ അടച്ചിടുന്ന റെയില്‍വേ ഗേറ്റില്‍ അനേകം വാഹനങ്ങളാണ് കുടുങ്ങുന്നതെന്നും പറയുന്നു.
വാഹനങ്ങളുടെ നീണ്ട നിര
ഗേറ്റ് അടച്ചാല്‍ ഇരുവശങ്ങളും കിലോമീറ്റര്‍ നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. ഈ റോഡിനെ ആശ്രയിക്കുന്ന പൊതുജനങ്ങളുടെ സമയത്തില്‍ ഏറിയ പങ്കും ഗേറ്റില്‍ തളച്ചിടുന്നു. മാത്രമല്ല, ഗേറ്റിനായി പഞ്ചായത്ത് ഫണ്ടും ചോരുന്നുണ്ട്. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് ഗേറ്ര് നടത്തിപ്പിലായി ഈ വര്‍ഷം 40 ലക്ഷമാണ് അടയ്ക്കേണ്ടത്. ഇതിനും പരിഹാരം ഓവര്‍ ബ്രിഡ്ജ് മാത്രമാണെന്ന് നാട്ടുകാര്‍ പറയുന്നു.

