KSDLIVENEWS

Real news for everyone

നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തു, സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഈസ്റ്റ് ബംഗാള്‍

SHARE THIS ON

ഗുവാഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ തകര്‍പ്പന്‍ വിജയവുമായി ഈസ്റ്റ് ബംഗാള്‍. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ടീമിന്റെ വിജയം. ഈസ്റ്റ് ബംഗാളിനായി ക്ലെയിറ്റണ്‍ സില്‍വ, ഷാരിസ് കൈറിയാകൗ, ജോര്‍ദാന്‍ ഓ ഡൊഹേര്‍ട്ടി എന്നിവര്‍ ഗോളടിച്ചപ്പോള്‍ മാറ്റ് ഡെര്‍ബിഷയര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായി ആശ്വാസഗോള്‍ സ്വന്തമാക്കി.

സീസണിലെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടിരുന്നു. ഈ വിജയത്തോടെ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് ഉയരാനും ഈസ്റ്റ് ബംഗാളിനായി. മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് അവസാന സ്ഥാനത്താണ്.

മത്സരത്തിന്റെ 10-ാം മിനിറ്റില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരേ ലീഡെടുത്തു. സൂപ്പര്‍ താരം ക്ലെയിറ്റണ്‍ സില്‍വയാണ് ടീമിനായി വലകുലുക്കിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി പ്രതിരോധതാരം മുഹമ്മദ് ഇര്‍ഷാദിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. പന്ത് പാസ് നല്‍കുന്നതില്‍ ഇര്‍ഷാദിന് പിഴച്ചു. പന്ത് റാഞ്ചിയ നയോറം സിങ് ക്ലെയിറ്റണ്‍ സില്‍വയ്ക്ക് പാസ് നല്‍കി. കിട്ടിയ അവസരം മുതലാക്കിയ സില്‍വ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിച്ചു.

ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സുവര്‍ണാവസരം തുലച്ചു. നോര്‍ത്ത് ഈസ്റ്റിനായി മലയാളി താരം എമില്‍ ബെന്നി മികച്ച ഒരു ഷോട്ട് പോസ്റ്റിലേക്കുതിര്‍ത്തു. ഇത് ഗോള്‍കീപ്പര്‍ കമല്‍ജീത് സിങ് തടഞ്ഞെങ്കിലും പന്ത് നേരെ മാറ്റ് ഡെര്‍ബിഷയറിന്റെ കാലിലാണെത്തിയത്. ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം ഗോളടിക്കാനുള്ള അവസരമാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ മാറ്റിന്റെ ഷോട്ട് ഈസ്റ്റ് ബംഗാളിന്റെ പോസ്റ്റിലിടിച്ച് തെറിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയിലും ഈസ്റ്റ് ബംഗാള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 53-ാം മിനിറ്റില്‍ ടീം രണ്ടാം ഗോളടിച്ചു. ഇത്തവണ മധ്യനിരതാരം ഷാരിസ് കൈറിയാകൗവാണ് ലക്ഷ്യം കണ്ടത്. മലയാളി താരം വി.പി.സുഹൈറിന്റെ പാസ് സ്വീകരിച്ച ഷാരിസ് ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ലോങ് റേഞ്ചര്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍വല തുളച്ചു. ഗോള്‍ നേടിയ ഉടന്‍ പരിശീലന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനിനെ കെട്ടിപ്പിടിച്ചാണ് ഷാരിസ് ഗോള്‍ നേട്ടം ആഘോഷിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!