ദുബായിൽ 1350 കോടിയുടെ കൊട്ടാരം സ്വന്തമാക്കി മുകേഷ് അംബാനി

മുംബൈ: ലോകത്തെ ഏറ്റവുംവലിയ കൃത്രിമ ദ്വീപും ദുബായിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രവുമായ പാം ജുമൈറയിൽ മറ്റൊരു ആഡംബരകൊട്ടാരംകൂടി റിലയൻസ് ഉടമ മുകേഷ് അംബാനി സ്വന്തമാക്കി. കുവൈത്ത് വ്യവസായി മുഹമ്മദ് അൽഷായയുടെ കുടുംബത്തിൽനിന്ന് 1350 കോടി രൂപ (16.3 കോടി ഡോളർ) ചെലവിലാണ് പുതിയ വില്ല വാങ്ങിയത്. സ്റ്റാർബക്സ്, എച്ച് ആൻഡ് എം, വിക്ടോറിയ സീക്രട്ട് എന്നിവയുടെ ദുബായ് ഫ്രാഞ്ചൈസി ഉടമകളാണ് അൽഷായ കുടുംബം. ഈന്തപ്പനയുടെ രൂപത്തിൽ തയ്യാറാക്കിയിട്ടുള്ള ദ്വീപിൽ അതിസമ്പന്നരാണ് കൂടുതലും താമസിക്കുന്നത്.
ഏതാനുംമാസംമുമ്പ് ഇളയമകൻ ആനന്ദിനായി പാം ജുമൈറയിൽ എട്ടുകോടി ഡോളറിന് (ഏകദേശം 660 കോടി രൂപ) മുകേഷ് അംബാനി വാങ്ങിയ വില്ലയ്ക്കു തൊട്ടടുത്തായാണ് പുതിയകൊട്ടാരം. അന്നത്തേതിന്റെ ഇരട്ടിയിലധികം തുകയാണ് പുതിയ കൊട്ടാരത്തിനായി ചെലവഴിച്ചത്. പാം ജുമൈറയിൽ നിലവിൽ ഏറ്റവുംഉയർന്ന തുകയ്ക്കുള്ള ഭൂമി ഇടപാടാണിത്. 16.3 കോടി ഡോളറിന് ഭൂമി ഇടപാട് നടന്നതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കൊട്ടാരം വാങ്ങിയതാരെന്ന് വ്യക്തമാക്കിയില്ല.
ദുബായിൽ പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് അംബാനി കൂടുതൽ വസതികൾ വാങ്ങുന്നതെന്ന് സൂചനയുണ്ട്. 2021 ഏപ്രിലിൽ യു.കെ.യിലെ ആദ്യത്തെ കൺട്രി ക്ലബ്ബായ സ്റ്റോക്ക് പാർക്ക് 7.9 കോടി ഡോളറിന് (ഏകദേശം 592 കോടി രൂപ) അംബാനി വാങ്ങിയിരുന്നു.

