അരുണാചലില്‍ ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനായ കാസർകോട് സ്വദേശിയടക്കം നാല് പേർക്ക് വീരമൃത്യു

ഗുവാഹത്തി: അരുണാചൽ പ്രദേശിലെ സിയാങ് ജില്ലയിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴക്കേമുറിയിലെ കാട്ടുവളപ്പിൽ കെ.വി. അശ്വിൻ (24) ആണ് മരിച്ചത്. സൈനിക ഉദ്യോഗസ്ഥരാണ് മരണവിവരം വീട്ടിൽ അറിയിച്ചത്.
നാല് വർഷമായി അശ്വിൻ സൈനിക സേവനത്തിലായിരുന്നു. കഴിഞ്ഞ ഓണത്തിനായിരുന്നു അവസാനമായി നാട്ടിൽ വന്നത്. ഞായറാഴ്ചയ്ക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് വിവരം ലഭ്യമായിട്ടില്ല.
മിഗ്ഗിങ് എന്ന പ്രദേശത്തായിരുന്നു അപകടം. രണ്ട് സൈനിക ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയതായി വാർത്താ ഏജൻസി നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. അഞ്ചുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഒക്ടോബറിൽ മാത്രം രണ്ടാമത്തെ ഹെലികോപ്റ്റർ അപകടമാണ് അരുണാചൽ പ്രദേശിൽ നടക്കുന്നത്. ഈ മാസം ആദ്യവാരം തവാങിലുണ്ടായ ചീറ്റാ ഹെലികോപ്റ്റർ അപകടത്തിൽ പൈലറ്റിന് ജീവൻ നഷ്ടമാവുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

