KSDLIVENEWS

Real news for everyone

ചെളിക്കെട്ടില്‍ ജീവനറ്റ് ഇനിയും നൂറിലേറെ പേര്‍, പുറത്തെടുക്കാനായില്ല; ഗുജറാത്ത് പാലം അപകടത്തില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി

SHARE THIS ON

അഹ്മദാബാദ്: ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാലം അപകടത്തില്‍ രണ്ടാം ദിവസത്തെ തിരച്ചില്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ മരണസംഖ്യ 141 കടന്നിട്ടുണ്ട് ഇനിയും നൂറിലേറെ പേരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. കാണാതായവര്‍ക്കായി നാളയും തിരച്ചില്‍ തുടരും.

മാച്ചു നദിയില്‍ അപകടം നടന്ന ഭാഗത്ത് ചെളിക്കെട്ടാണ്. നിരവധി പേര്‍ ഇതിനകത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് സംശയിക്കുന്നത്. ചെളിയായതിനാല്‍ രക്ഷാപ്രവര്‍ത്തനവും ദുസ്സഹമാണ്. അപകടസമയത്ത് 500ഓളം പേര്‍ പാലത്തിലുണ്ടായിരുന്നതായാണ് വിവരമുള്ളത്.

140ലേറെ വര്‍ഷം പഴക്കമുള്ള തൂക്കുപാലമാണ് ഇന്നലെ രാത്രി പുഴയിലേക്ക് തകര്‍ന്നുവീണത്. അറ്റകുറ്റപണിക്കായി ഏഴു മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു പാലം. ഈ മാസം 24ന് ഗുജറാത്ത് പുതുവത്സരദിനത്തിലാണ് പാലം തുറന്നുകൊടുത്തത്. ഒരാഴ്ചയ്ക്കുള്ളില്‍ അപകടവും സംഭവിച്ചു.


’15 വര്‍ഷത്തെ കരാര്‍; ചെറുകിട കമ്ബനിക്ക് മറിച്ചുവിറ്റു’

അറ്റകുറ്റപണി നടത്തിയ ഗുജറാത്ത് കമ്ബനിയായ ഒറേവയുടെ നാല് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറ്റകുറ്റപണിയില്‍ വീഴ്ച സംഭവിച്ചുവെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്. തൂക്കുപാലം തുറന്നത് നിയമവിരുദ്ധമായാണെന്നും റിപ്പോര്‍ട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ഫിറ്റ്‌നെസ് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും തങ്ങളെ അറിയിക്കാതെയാണ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതെന്നും മോര്‍ബി മുനിസിപ്പല്‍ ഭരണകൂടം ആരോപിച്ചു.

15 വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് മോര്‍ബി നഗരസഭാ അറ്റകുറ്റപ്രവൃത്തി ഒറേവ ഗ്രൂപ്പിനു കീഴിലുള്ള അജന്ത മാനുഫാക്ചറിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിക്ക് നല്‍കിയത്. 15 വര്‍ഷം പാലം നോക്കിനടത്തുന്നത് കമ്ബനിയായിരിക്കും. സന്ദര്‍ശകരില്‍നിന്ന് 17 രൂപ ടിക്കറ്റ് ആയി ഈടാക്കാനും അനുമതി നല്‍കിയിട്ടുണ്ട്.


അറ്റകുറ്റപണിയുടെ ഭാഗമായ സാങ്കേതിക പ്രവൃത്തികള്‍ ദേവ്പ്രകാശ് സൊല്യൂഷന്‍സ് എന്ന ചെറുകിട നിര്‍മാണ കമ്ബനിക്ക് അജന്ത നല്‍കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അപകടത്തില്‍ ഒറേവ ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല. സന്ദര്‍ശകര്‍ പാലത്തിനു കേടുപാട് വരുത്താതെ സൂക്ഷിക്കുകയാണെങ്കില്‍ 15 വര്‍ഷം വരെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ തുടരാനാകുമെന്നാണ് അറ്റകുറ്റപണി പൂര്‍ത്തിയാതിനു പിന്നാലെ ഒറേവ എം.ഡി ജയ്‌സുഖ്ഭായ് പട്ടേല്‍ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!