ഗ്രീഷ്മയ്ക്കെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു; അമ്മയെയും അമ്മാവനെയും തെളിവെടുപ്പിന് എത്തിക്കും

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മയെ റിമാന്‍ഡ് ചെയ്തു. മജിസ്ട്രേറ്റ് മെഡിക്കല്‍ കേളേജ് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. അതിനിടെ, ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം ഇന്നു പരിശോധിക്കും. വൈദ്യസംഘത്തിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും കേസില്‍ പോലീസിന്റെ തുടര്‍നടപടികള്‍.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരേണ്ടതില്ലെന്ന് വൈദ്യസംഘം തീരുമാനിച്ചാല്‍ ഗ്രീഷ്മയെ മെഡിക്കല്‍ കേളേജിലെ പ്രത്യേക പോലീസ് സെല്ലിലേക്ക് മാറ്റും. ആരോഗ്യനില മെച്ചപ്പെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ കൂടുതല്‍ ചോദ്യംചെയ്യല്‍, തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് പോലീസ് കടക്കും.
പോലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യാ ശ്രമം നടത്തിയതിനും ഗ്രീഷ്മയ്ക്കെതിരേ പോലീസ് കേസെടുത്തു. കേസില്‍ തെളിവ് നശിപ്പിച്ചതിന് അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും കളിയിക്കാവിളയിലെത്തിച്ച് ഇന്ന് തെളിവെടുക്കും. കഷായം നല്കിയ കുപ്പി ഉള്‍പ്പെടെ വീട്ടില്‍നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള വിജനമായ സ്ഥലത്ത് ഒളിപ്പിച്ചുവെന്നാണ് അമ്മയുടെ മൊഴി. ഇത് കണ്ടെടുക്കാനാണ് കളിയിക്കാവിളയിലേക്ക് കൊണ്ടുപോകുന്നത്.

