ദേശീയപാത വികസനം; മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ അശാസ്ത്രീയമായ രീതിയില്‍ ഡ്രൈനേജ് നിര്‍മ്മാണമെന്ന് ആക്ഷേപം

മൊഗ്രാല്‍ പുത്തൂര്‍ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ,മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ നിര്‍മ്മിക്കുന്ന ഡ്രൈനേജിനെതിരെ പരാതി. അശാസ്ത്രീയമായ രീതിയിലാണ് ഡ്രൈനേജ് നിര്‍മ്മാണമെന്നും ഇത് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ വെള്ളം കെട്ടി നില്‍ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുതുതായി നിര്‍മ്മിച്ച റെയില്‍വെയുടെ അടിപ്പാത്ത് സമീപമാണ് ഇപ്പോള്‍ ഡ്‌റൈനേജ് നിര്‍മ്മിക്കുന്നത്. മുമ്പുണ്ടായിരുന്നത് റോഡുനിര്‍മ്മാണത്തിന് വേണ്ടി മണ്ണിട്ടു നികത്തി.മഴക്കാലമാകുന്നതോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ മലിന ജലം കെട്ടി നില്‍ക്കുന്നത് പതിവാണ്. പല പ്രദേശങ്ങളില്‍ നിന്നും വരുന്ന വെള്ളം മൊഗ്രാല്‍ പുത്തൂര്‍ ടൗണിലൂടെയാണ് പുഴയിലേക്കും കടലിലേക്കും ഒഴുകിയിരുന്നത്. ഇപ്പോള്‍ നിര്‍മ്മിക്കുന്നത് നിലവില്‍ എതിര്‍വശത്ത് ഉള്ളതിനേക്കാള്‍ ഡ്രൈനേജ് ഉയര്‍ന്ന നിലയിലാണ്. ഇതുമൂലം ഇതിലൂടെ വെള്ളം ഒഴുകി പോകാന്‍ പറ്റില്ല. ഇത് ടൗണില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഡ്രൈനേജ് നിര്‍മ്മിക്കുന്നത് മുഴുവന്‍ വെള്ളവും ഒലിച്ചു പോകാനാണ്. എന്നാല്‍ ഇവിടെ നിര്‍മ്മാണം നടത്തുന്ന ഡ്രൈനേജ് മൂലം എല്ലായിടത്തും വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. മൊഗ്രാല്‍ പുത്തൂരിലെ ഡ്രൈനേജ് മുഴുവന്‍ വെള്ളവും ഒലിച്ചുപോകാനുള്ള രീതിയിലാവണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇത് പരിശോധിക്കണമെന്നും 15-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി മാഹിന്‍ കുന്നില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ഷമീറ ഫൈസല്‍, വൈ പ്രസിഡണ്ട് മുജീബ് കമ്പാര്‍ ,മെമ്പര്‍ നൗഫല്‍ പുത്തൂര്‍ എന്നിവര്‍ മുഖേന്ന ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

