KSDLIVENEWS

Real news for everyone

ലോകകപ്പിലെ ആദ്യ അങ്കത്തിനായി സുല്‍ത്താനും പടയും ഇന്നിറങ്ങുന്നു

SHARE THIS ON

ഫുട്‌ബോളിന്റെ മിശിഹായും ജര്‍മന്‍ പടയും വീണ പോര്‍ക്കളത്തില്‍ ഇന്ന് സുല്‍ത്താന്റെ ഊഴമാണ്. കൂടെ ചങ്കും കരളും പകുത്തുനല്‍കാന്‍ ടിറ്റെയുടെ കളരിയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ചാവേര്‍പ്പട. കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍ ബെക്കര്‍. മുന്നില്‍ ഇരുമെയ്യും ഒരു മനസുമായി സില്‍വയും മാര്‍ക്വീഞ്ഞോസും.

ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാന്‍ ഡാനിലോയും അലക്‌സാന്‍ഡ്രോയും. കൊടുങ്കാറ്റായും പര്‍വതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാകവാഹകനായി സുല്‍ത്താന്‍ നെയ്മര്‍. സെര്‍ബിയന്‍ കോട്ട പൊളിക്കാന്‍ മുന്നില്‍ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയുമുണ്ടാവും.

അല്‍പമൊന്നുലഞ്ഞാല്‍ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി. പ്രതിരോധത്തിലും ആക്രമത്തിലും. ഇരുപതാണ്ട് മുമ്ബ്കൈവിട്ട കിരീടവും ചെങ്കോലും ഇത്തവണ തിരിച്ചുപിടിക്കണം.

യൂറോപ്പില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി ഒന്നാമന്റെ തലയെടുപ്പോടെയാണ് സെര്‍ബിയ വരുന്നത്. ഏത് പ്രതിരോധവും തകര്‍ക്കാനും ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാനും കെല്‍പ്പുള്ളവരാണവര്‍. വാഴ്ത്തുപാട്ടുകള്‍ക്കൊത്ത പെരുമ പുറത്തെടുത്തില്ലെങ്കില്‍ അയല്‍ക്കാരായ അര്‍ജന്റീനയുടെ അതേ ഗതിയാകും ബ്രസീലിനും നേരിടേണ്ടിവരിക.

അതുകൊണ്ടുതന്നെ അട്ടിമറികള്‍ കൊണ്ട് ഞെട്ടിക്കുന്ന ഖത്തറില്‍ സെര്‍ബിയയെ വിലകുറച്ചുകാണാന്‍ ബ്രസീല്‍ തയാറാവില്ലെന്നുറപ്പാണ്. പ്രാദേശിക സമയം രാത്രി 10 മണിക്ക് ലുസൈലിലാണ് മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!