2002-ൽ കലാപകാരികളെ പാഠം പഠിപ്പിച്ചു: ഗുജറാത്തിൽ അമിത് ഷായുടെ പ്രസംഗം

അഹമ്മദാബാദ്: മഹുധായിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണപ്രസംഗത്തിൽ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വിവാദത്തിൽ. മുൻപ് കോൺഗ്രസിന്റെ പിന്തുണയോടെ ഗുജറാത്തിൽ അക്രമം അഴിച്ചുവിട്ടിരുന്ന സാമൂഹികവിരുദ്ധശക്തികളെ 2002-ൽ പാഠം പഠിപ്പിച്ചെന്നാണ് ഷാ പറഞ്ഞത്. അതോടെ, അത്തരം ശക്തികൾ അക്രമപ്രവർത്തനം നിർത്തിയെന്നും സംസ്ഥാനത്ത് ബി.ജെ.പി. സുസ്ഥിര സമാധാനം ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2002-ലാണ് ഗോധ്ര തീവണ്ടി തീവെപ്പിനെത്തുടർന്ന് ഗുജറാത്തിൽ കലാപം കത്തിപ്പടർന്നത്. കലാപവും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ അമിത് ഷാ ആയുധമാക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തി.

