KSDLIVENEWS

Real news for everyone

സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; മറ്റു മതക്കാരുടെ വീടുകള്‍ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല’; വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ മന്ത്രി ദേവര്‍കോവില്‍

SHARE THIS ON

‘സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടു; മറ്റു മതക്കാരുടെ വീടുകള്‍ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല’; വിഴിഞ്ഞം സമരക്കാര്‍ക്കെതിരെ മന്ത്രി ദേവര്‍കോവില്‍

കോഴിക്കോട്: വിഴിഞ്ഞം സമരക്കാരുടെ പരമാവധി ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നിന്നുകൊടുത്തിട്ടുണ്ടെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

അവര്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നില്ല. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതും മറ്റു മതക്കാരുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള മതസ്പര്‍ധയുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സമരങ്ങളില്‍ ഉന്നയിക്കപ്പെടുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാറില്ല. സമര്‍ക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചും അംഗീകരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ട്. പിന്നീട് ഓരോ പ്രാവശ്യവും പുതിയ പുതിയ ആവശ്യങ്ങളുമായാണ് അവര്‍ വരുന്നത്. സര്‍ക്കാരെന്ന നിലയ്ക്ക് ആരെയും പ്രയാസപ്പെടുത്താതിരിക്കാന്‍ പരമാവധി ക്ഷമിച്ചു. ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥവരെ നമ്മള്‍ നിന്നുകൊടുത്തു-അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

”ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറിയാല്‍ സമരത്തിന്റെ രീതിയും മാറും. പൊലീസിനുനേരെ കൈയേറ്റം നടത്തുകയും പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും മറ്റു മതക്കാരുടെ വീടുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്യുന്നത് ആര്‍ക്കും.

അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ല. കേരളം പോലുള്ള മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംസ്ഥാനത്ത് ഒരു തരത്തിലുമുള്ള മതസ്പര്‍ധയുണ്ടാക്കാന്‍ അനുവദിക്കില്ല.”

പദ്ധതി നിര്‍ത്തിവയ്ക്കാനാകില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിന് ഏറെ പ്രയോജനകരമായൊരു ഇത്രയും നല്ലൊരു പദ്ധതി, കോടാനുകോടി രൂപ ചെലവഴിച്ച ശേഷം നിര്‍ത്തിവയ്ക്കണമെന്ന് ആരു പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്നും ദേവര്‍കോവില്‍ വ്യക്തമാക്കി.

ഹൈക്കോടതി ഇടപെടുകയും സമരത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പദ്ധതി പ്രദേശത്തേക്ക് പാറവണ്ടികള്‍ വരുന്നത് തടയില്ലെന്ന് അവര്‍ കോടതിക്ക് ഉറപ്പുകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ കോടതിയെ ലംഘിക്കുകയാണ് അവര്‍ ചെയ്തത്. ഒരു പ്രവര്‍ത്തനം നടക്കുമ്ബോള്‍ അതിനു പ്രതിപ്രവര്‍ത്തനമുണ്ടാകും. അതാണിവിടെ സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലതരം റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. അതേക്കുറിച്ച്‌ അന്വേഷിച്ചുവരികയാണ്. കോടതിവിധിക്കുശേഷം അതേക്കുറിച്ച്‌ സംസാരിക്കും. സമരക്കാരല്ലാത്ത മതവിഭാഗങ്ങളുടെ വീടുകളും സ്ഥാപനങ്ങളും അക്രമിക്കപ്പെടുന്ന വളരെ അപകടകരമായ സ്ഥിതിവിശേഷമുണ്ടായി. ഒരു തരത്തിലുമുള്ള മതവര്‍ഗീയതയും അംഗീകരിക്കാനാകില്ല. കേരളത്തിന്റെ പൊതുസ്വഭാവമാണിതെന്നും ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കോതിയില്‍ മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോതിയിലെ ജനങ്ങളെ വൃത്തിയുള്ള സാഹചര്യത്തിലേക്ക് മാറ്റാനാണ് ശ്രമിക്കുന്നത്. ഏതു പദ്ധതി വരുമ്ബോഴും ആ പ്രദേശത്തെ ജനങ്ങള്‍ക്ക് ആശങ്കയുണ്ടാകും. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച്‌, അവരെ വിശ്വാസത്തിലെടുത്താണ് മുന്നോട്ടുപോകേണ്ടതെന്നും മന്ത്രി ദേവര്‍കോവില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!