നിർമാണം തടസപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റം; വിഴിഞ്ഞത്ത് കപ്പലുകളെത്തിക്കും: വി.അബ്ദുറഹിമാൻ

തിരുവനന്തപുരം∙ വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ. വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കി വിഴിഞ്ഞത്ത് കപ്പലുകളെത്തിക്കും. തുറമുഖം പൂർത്തിയാക്കുകയെന്നത് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്. നിർമാണത്തിനു ചെറിയ തടസ്സങ്ങളുണ്ടെങ്കിലും അവ മാറും. തുറമുഖ വിരുദ്ധസമര സമിതി ഉന്നയിച്ച ആറു ആവശ്യങ്ങളിൽ സർക്കാർ തീരുമാനമെടുത്തു. തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠനം നടത്തണമെന്ന് പറയുമ്പോൾ അത് സമരമല്ല മറ്റെന്തോ ആണെന്നു മന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ സഹായിക്കുന്ന നിർമാണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. വിഴിഞ്ഞം പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. തൊഴിലാളി വിരുദ്ധ സമീപനവും സ്വീകരിച്ചിട്ടില്ല. കാര്യങ്ങൾ പഠിച്ച് പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചിട്ടുള്ളത്. ഒരു മത്സ്യത്തൊഴിലാളിയുടെയും കണ്ണുനീർ വീഴാൻ സർക്കാർ അനുവദിക്കില്ല.

