മംഗളൂരിൽ ശക്തമായ കാറ്റിലും മഴയിലും പെട്ട് മീൻപിടിത്ത ബോട്ട് തകർന്നു, ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

മംഗളൂരു : കടലിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മീൻപിടിത്ത ബോട്ട് തകർന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.
തിങ്കളാഴ്ച രാവിലെ ഉച്ചിളയിൽ നിന്ന് തീരക്കടലിൽ മീൻപിടിക്കാൻ പോയ ഗിരിജ എന്ന ബോട്ടാണ് തിരമാലയിൽപെട്ട് തകർന്നത്. ബോട്ടിലുണ്ടായിരുന്ന മീൻപിടിത്ത സാമഗ്രികളും ബോട്ട് എൻജിനും കടലിൽ നഷ്ടപ്പട്ടു. ബോട്ട് തകർന്ന് മറിഞ്ഞ ഉടനെ കടലിൽ വീണ ഏഴ് തൊഴിലാളികളെയും മറ്റ് മീൻപിടിത്ത ബോട്ട് എത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇവരെ സുരക്ഷിതരായി കരയിലെത്തിച്ചു. ഉച്ചിള സ്വദേശി വിമല സി.പുത്രന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. അപകടത്തിൽ ആറരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ബോട്ടുടമ പറയുന്നുകാപ്പു എം.എൽ.എ. ലാലാജി മേൻഡൻ അപകടത്തിൽപ്പെട്ട തൊഴിലാളികളെ സന്ദർശിച്ചു. സർക്കാറിൽനിന്ന് അർഹമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

