KSDLIVENEWS

Real news for everyone

ഹലാൽ മാംസം നിരോധിക്കണം: ബിൽ അവതരിപ്പിക്കാൻ കർണാടക സർക്കാർ

SHARE THIS ON

ബെംഗളൂരു∙ ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ പൂർത്തിയാകുകയാണ്. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കെയാണു പുതിയ നീക്കം.

അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടു. അടുത്ത മേയിൽ നിയമസഭയിലേക്കു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം. തിങ്കാഴ്ച നിയമസഭാ സമ്മേളനം ആരംഭിച്ചു. സ്വകാര്യ ബില്ലായി നിയമസഭയിൽ അവതരിപ്പിക്കാനാണു നീക്കം. ഇതുമായി ബന്ധപ്പെട്ടു ഗവർണർക്ക് രവികുമാർ കത്തയച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും എംഎൽഎമാരും ബിൽ അവതരിപ്പിക്കുന്നതിന് അനുമതി നൽകി.


തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ബിജെപി ഹിന്ദുത്വ കാർഡ് ഇറക്കി കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. ബിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്ന് സ്പീക്കറോട് ആവശ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് ബി.കെ.ഹരിപ്രസാദ് പറഞ്ഞു. അഴിമതി മറയ്ക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടുന്നതിനുമാണ് ബിജെപി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് മുൻനിർത്തി ജനങ്ങളെ വിഭജിക്കുന്നതിനാണു ഹലാലിനെതിരായ ബിൽ അവതരിപ്പിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ഉഗാദി ആഘോഷത്തോടനുബന്ധിച്ചാണ് ഹലാൽ മാംസവുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമായത്. ഹലാൽ മാംസം നിരോധിക്കണമെന്നാവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!