എൻഡോസൾഫാൻ; മെഡിക്കൽ ക്യാമ്പ് അപേക്ഷ തീയതി ഡിസം. 31 വരെ നീട്ടി

കാസർകോട്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള തീയതി 2022 ഡിസംബർ 31ന് വൈകുന്നേരം 5 മണി വരെ നീട്ടിയതായി ജില്ല കലക്ടർ അറിയിച്ചു.
അപേക്ഷ ഫോറം ജില്ലയിലെ എല്ലാ അക്ഷയ സെൻററിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് ആധാർ, റേഷൻ കാർഡ്, ചികിത്സാ രേഖകൾ, മെഡിക്കൽ ബോർഡ് / അംഗപരിമിത സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം അവരവരുടെ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ (സി.എച്ച്.സി.| പി.എച്ച്.സി/എഫ്.എച്ച്.സി |താലൂക്ക് ആശുപത്രി) നൽകേണ്ടതാണ്.
മുമ്പ് കലക്ടറേറ്റിലും ദേശീയ ആരോഗ്യ ദൗത്യം കാര്യാലയത്തിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും അപേക്ഷ നൽകിയിട്ടുള്ളവരും പുതിയ മാതൃകയിലുള്ള അപേക്ഷ ഫോറം പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ നൽകണം.

