KSDLIVENEWS

Real news for everyone

ഉപ്പുവെള്ളം പമ്പ് ചെയ്തതും കാലപഴക്കവും; കാസർകോട് നഗരത്തിൽ പൈപ്പ് പൊട്ടൽ തുടർക്കഥ

SHARE THIS ON

“”കാസർകോട് ∙ നഗരത്തിൽ ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടുന്നത് തുടർക്കഥ. ശുദ്ധജലവിതരണം മുടങ്ങി ഉപയോക്താക്കൾ ദുരിതത്തിലാകുന്നതിനു പുറമെ ലക്ഷങ്ങളുടെ വരുമാനമാണ്   ഓരോ മാസവും നഷ്ടമായിക്കൊണ്ടിരിക്കുന്നത്.കാലപ്പഴക്കമാണ് പൈപ്പ് പൊട്ടാനുള്ള പ്രധാന കാരണം. 1976 ലാണ് നഗരത്തിലെ ഭൂരിഭാഗം പൈപ്പ് ലൈനുകളും സ്ഥാപിച്ചത്. ഒരിടത്തു നന്നാക്കുമ്പോൾ മറ്റൊരിടത്ത് പൊട്ടുകയാണ് പതിവ്. നഗരത്തിന്റെ പലഭാഗങ്ങളിലായി 150 കി.മീ പൈപ്പ് ലൈനാണ് ജലഅതോറിറ്റിക്കുള്ളത്. ഇതിൽ 100 കിമീ എങ്കിലും കാലപ്പഴക്കം ചെന്നതാണ്.

ഇതിൽ തളങ്കര,പുലിക്കുന്ന്,റെയിൽവെ സ്റ്റേഷൻ ഭാഗങ്ങളിൽ ജലഅതോറിറ്റിയുടെ വെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അരനൂറ്റാണ്ടോളം പഴക്കമുള്ള ലൈൻ മാറ്റി പുതിയതു സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഫണ്ടില്ല എന്നതാണ് ജലഅതോറിറ്റി അധികൃതരുടെ മറുപടി.


റോഡരികിൽ പാഴാകുന്നത് ലക്ഷങ്ങൾ

വെള്ളക്കരം ഉയർത്തിയെങ്കിലും കാസർകോട് ജലഅതോറിറ്റി പച്ചപിടിക്കണമെങ്കിൽ തകർന്ന പൈപ്പ് ലൈനുകൾ മാറ്റേണ്ടി വരും. പമ്പ് ചെയ്യുന്നതിന്റെ 25 ശതമാനത്തിലേറെ വെള്ളം പൈപ്പ് പൊട്ടി പാഴാകുന്നതായാണ് ഏകദേശ കണക്ക്. നേരത്തെ ഒരു മാസം 13 ലക്ഷം രൂപയിലേറെയാണ് നഗരസഭയിൽ നിന്നു ജലഅതോറിറ്റിക്കു ഒരു മാസം വെള്ളക്കരം ആയി ലഭിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അത് 8 ലക്ഷത്തിൽ താഴെയായി കുറഞ്ഞെന്നാണ് വിവരം.

തുടർച്ചയായ പൈപ്പ് പൊട്ടലാണ് ഇതിന്റെ പ്രധാന കാരണം. ഇപ്പോൾ ഉപയോഗത്തിലില്ലാത്ത, ആസ്ബസ്റ്റോസ് സിമെന്റിന്റെ പൈപ്പാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. വർഷങ്ങളോളം ഉപ്പുവെള്ളം പമ്പ് ചെയ്തതും പൈപ്പ് തകരാൻ കാരണമായി. 

തടയണ വന്നിട്ടും ഗുണമില്ല”

ജലസ്രോതസ്സായ ബാവിക്കരയിൽ അണക്കെട്ട് ഇല്ലാത്തതായിരുന്നു മുൻപൊക്കെ കാസർകോട് നഗരവാസികളുടെ കുടിവെള്ളം മുട്ടാൻ കാരണം. ഒരു വർഷം മുൻപ് തടയണ നിർമിച്ചതോടെ ഈ പ്രശ്നം അവസാനിച്ചു. നുസ്രത്ത് നഗറിലെ പുതിയ ശുദ്ധീകരണനിലയം കൂടി പ്രവർത്തനക്ഷമായതോടെ ഇപ്പോൾ ഇഷ്ടം പോലെ വെള്ളം ഉണ്ട്. പക്ഷേ ഇതിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കാതിരിക്കാൻ പ്രധാന കാരണം പൈപ്പ് ലൈൻ ചോർച്ചയാണ്. 55 ദശലക്ഷം ലീറ്റർ ശുദ്ധീകരണ ശേഷിയുള്ള നിലയത്തിൽ 10% മാത്രമേ നിലവിൽ ഉപയോഗിക്കുന്നുള്ളൂ. 

ആരോഗ്യപ്രശ്നവും

‌‌പൈപ്പ് ലൈൻ വെള്ളത്തിൽ മാലിന്യം കലരാനും ചോർച്ച കാരണമാകുന്നു. പൊട്ടിയ ഭാഗങ്ങളിലൂടെ അണുക്കളും രാസ അവശിഷ്ടങ്ങളും കുടിവെള്ളത്തിൽ കലർന്ന് ആരോഗ്യപ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. 

കൈമലർത്തി അധികൃതർ

പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ 50 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഇതു ലഭിക്കാത്തതാണ് ജലഅതോറിറ്റി ഉദ്യോഗസ്ഥർ നേരിടുന്ന പ്രധാന പ്രശ്നം. പൈപ്പ് ‌ലൈനിലെ പൊട്ടൽ മൂലം വലിയ ജോലിഭാരമാണ് ഉദ്യോഗസ്ഥർ അനുഭവിക്കുന്നത്.ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ മാത്രമാണ് ഇതിനു ഏകപരിഹാരം. നഗരസഭയിലെ മൂന്നിലൊന്ന് വീടുകളിലേക്കു മാത്രമാണ് നിലവിൽ ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ കണക്ഷനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!