ഉദുമ പളളത്തില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സംഘര്‍ഷം; പോലീസിന് നേരെ കല്ലേറ്

ഉദുമ: പളളത്തിൽ ഫുടബോൾ മത്സരത്തിനിടെ സംഘർഷം, പോലീസിന് നേരെ കല്ലേറ്. ഹസീന ചിത്താരി സംഘടിപ്പിച്ച മെട്രോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഞായറാഴ്ച രാത്രി നടന്ന മത്സരത്തിന് ശേഷമാണ് സംഘർഷം ഉടലെടുത്തത്.
ബ്രദേർസ് ബാവാ നഗറും, കാറാമ മൊഗ്രാൽ പുത്തൂരും തമ്മിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബ്രദേർസ് ബാവാ നഗർ വിജയിച്ചു. മത്സരത്തിന് ശേഷം ഗ്രൗണ്ടിൽ അഹ്ളാദ പ്രകടനം നടത്തിയ ബാവനഗറിലെ യുവാക്കളും വളണ്ടിയർമാരും തർക്കത്തിൽ ഏർപ്പെട്ടു. ഇതോടെ പോലീസെത്തി ഇവരെ വിരട്ടിയോടിച്ചു.
തുടർന്ന് സ്റ്റേഡിയത്തിന് പുറത്ത് സംഘടിച്ച് പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബേക്കൽ സ്റ്റേഷനിലെ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേററു. ഇയാളെ കാസറകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതോടെ പോലീസ് അക്രമികളെ വിരട്ടിയോടിച്ചു. സംഭവ സ്ഥലത്ത് നിന്നും മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

