ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ; അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ക്ക് പദ്മശ്രീ

“ന്യൂഡല്‍ഹി: 106 പേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍. ആറ് പേർക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേർക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ ലഭിച്ചു. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ സി.ഐ. ഐസക്ക്, എസ്.ആർ.ഡി. പ്രസാദ്, ചെറുവയൽ കെ. രാമൻ എന്നിവർക്ക് പദ്മശ്രീ ലഭിച്ചു. സാഹിത്യ – വിദ്യാഭ്യാസ മേഖലയിലെ സംഭാവനയ്ക്കാണ് സി.ഐ. ഐസക്കിന് പുരസ്കാരം. കായിക മേഖലയിലെ സംഭാവനകൾക്ക് എസ്.ആർ.ഡി. പ്രസാദിനും കാർഷിക മേഖലയിലെ സംഭാവനകൾക്ക് ചെറുവയൽ കെ രാമനും പദ്മശ്രീ ലഭിച്ചു. കോളറ ബാധിച്ച കോടിക്കണക്കിന് ആളുകളുടെ ജീവന് രക്ഷിച്ച ഈ ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനാബിസ്. 1971-ലെ ബംഗ്ലാദേശിലെ വിമോചനയുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അവിടെ രക്ഷയായത് മഹലനാബിസിന്റെ കണ്ടുപിടുത്തമായിരുന്നു. 2022 ഒക്ടോബർ 16-ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്.”

