KSDLIVENEWS

Real news for everyone

കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ അണ്ടർ പാസ്സേജ് ഇല്ല”.ചെർക്കള ഗവ.ഹയർസെക്കന്റെറി സ്കൂളിനെ ദുരിതക്കടലിലാക്കി ദേശീയ പാത വികസനം, പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാകളും വിദ്യാർഥികളും

SHARE THIS ON

ചെർക്കള : ദേശീയ പാത വികസനം ചെർക്കള ഗവ.ഹയർ സെക്കന്ററി സ്കൂളിനെ പരസ്പരം കാണാൻ പോലും സാധിക്കാത്ത വിധത്തിൽ രണ്ട് വിഭാഗങ്ങളാക്കി മുറിച്ചു മാറ്റുകയാണ്. സ്കൂളിന് മുന്നിലൂടെ റോഡ് മുറിച്ചു കടന്ന് വേണം കുട്ടികൾക്ക് സ്കൂളിലേക്ക് എത്തുവാൻ.ഹൈവേയുടെ വലതു ഭാഗത്ത് ഹൈ സ്കൂൾ,ഹയർ സെക്കന്ററി വിഭാഗവും പ്രീ പ്രൈമറി, പ്രൈമറി വിഭാഗം നാഷണൽ ഹൈവേയുടെ ഇടത് ഭാഗത്തുമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.ചെങ്കള പഞ്ചായത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ചെർക്കളയുടെ വിവിധ പ്രദേശത്തെ കുട്ടികളുടെ സഞ്ചാര സ്വാതന്ത്യത്തിനു പോലും തടസ്സം വരത്തക്കവിധം വൻമതിലായി മാറുകയാണ് വരാൻ പോകുന്ന ദേശീയ പാത മേൽപ്പാലം .സ്കൂളിന്റെ ഗേറ്റിൽ നിന്നും 500 മീറ്റർ കിഴക്ക് മാറിയാണ് നിലവിലെ അലൈൻമെന്റിൽ കുട്ടികൾക്ക് റോഡ് മുറിച്ചു കടക്കാനുള്ള സ്ഥലം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ വരുമ്പോൾ തിരക്കേറിയ സമയങ്ങളിൽ 3000 ൽ അധികം കുട്ടികൾ റോഡ് മുറിച്ച് കടക്കുമ്പോൾ സർവീസ് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനു പുറമെ അപകട സാധ്യതയും കൂടുതലാണ്.
ജില്ലയിലെ പ്രധാനപ്പെട്ട ഓട്ടിസം സെന്റർ പ്രവർത്തിക്കുന്നതും ഇവിടെയാണ്. പഠനത്തിനായി എത്തുന്ന ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളുടെ യാത്ര ഇതോടെ കൂടുതൽ ദുരിതപൂർണ്ണമാകുന്നു. കൂടാതെ ജില്ലയിലെ സ്പേസ് സെന്റർ, ഇന്ക്ലൂസീവ് എഡ്യൂക്കേഷൻ സെന്റർ കൂടി പ്രവർത്തിച്ചു വരുന്നുണ്ട്. പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ ദേശീയ പതക്ക് അരികിലുള്ള സ്കൂളുകൾക്കൊക്കെ അണ്ടർ പാസ്സേജ് അനുവദിച്ചപ്പോൾ ചെർക്കള സ്കൂളിനെ മാത്രം അവഗണിച്ചത് ശരിയായില്ല എന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നു. കാസറഗോഡ് എം എൽ എ യും പി ടി എ യും നിരവധി തവണ പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ടിട്ടും അനുകൂലമായ തീരുമാനം വന്നിട്ടില്ല. മേഘ കൺസ്ട്രക്ഷൻ ആണ് ഈ ഭാഗത്തിലെ ഹൈ വെയുടെ പണി ഏറ്റെടുത്തിരിക്കുന്നത്.
കാസർകോഡ് ജില്ലയിലെ മികച്ച ഒരു സർക്കാർ വിദ്യാലയമെന്ന നിലയിൽ പല വകുപ്പ് തല പരിപാടികളും ,പരിശീലനങ്ങളും ഇവിടെയാണ് നടത്തപ്പെടുന്നത്.
ചെങ്കള ഗ്രാമ പഞ്ചായത്തിന് മുന്നിലൂടെ നിലവിലെ അലൈൻമെന്റിൽ പറഞ്ഞ പാത മുറിച്ചു കടക്കാനുള്ള വഴി 500 മീറ്റർ പടിഞ്ഞാറോട്ട് മാറ്റി പില്ലറുകൾ സ്ഥാപിച്ച് സ്കൂളിന് മുന്നിലൂടെ തന്നെ അനായാസവും അപകടരഹിതവുമായി കടന്നുപോകാനുള്ള വഴിയൊരുക്കണമെന്ന് പി ടി എ യും കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭവുമായി മുമ്പോട്ട് പോകുമെന്നും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!