അമിതവണ്ണത്തിന് താക്കോല്‍ദ്വാര ശസ്ത്രക്രിയ; ഒറ്റയടിക്ക് കുറഞ്ഞത് 70 കിലോ ഭാരം!
ഹൈദരാബാദ്: അമിതവണ്ണത്തിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവിന് നഷ്ടമായത് 70 കിലോ ഭാരം. ഒറ്റ ശസ്ത്രക്രിയയിലാണ് ഇത്രയും ഭാരം കുറഞ്ഞത്. ഹൈദരാബാദ് മഹേഷ് നഗര്‍ കോളനി സ്വദേശിയായ താക്കൂര്‍ മന്ദിര സിങ് ആണ് താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്ന് ‘തെലങ്കാന ടുഡേ’ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദിലെ ഉസ്മാനിയ ജനറല്‍ ആശുപത്രിയിലായിരുന്നു ചികിത്സ നടന്നത്. 214 കിലോ ഭാരമായിരുന്നു യുവാവിനുണ്ടായിരുന്നത്. അമിതവണ്ണം കാരണം പ്രമേഹം, രക്തസമ്മര്‍ദം, കരളിന് കൊഴുപ്പ്, കൂര്‍ക്കംവലി അടക്കം നിരവധി അസുഖങ്ങള്‍ കൊണ്ട് വലയുകയായിരുന്നു 23കാരനായ താക്കൂര്‍ മന്ദിര. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രികളില്‍ 10 ലക്ഷം ചെലവ് വരുമായിരുന്ന ശസ്ത്രക്രിയ സൗജന്യമായാണ് സര്‍ക്കാര്‍ ആശുപത്രിയായ ഉസ്മാനിയില് ചെയ്തത്. ഉദരരോഗ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ. സി.എച്ച് മധുസൂദന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓപറേഷന് നടത്തിയത്. ചികിത്സ രണ്ടു മാസം നീണ്ടുനിന്നു. തെലങ്കാനയില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു ശസ്ത്രക്രിയ നടത്തുന്നതും. ഒഴിച്ചുകൂടാനാകാത്ത ഘട്ടത്തില്‍ മാത്രമേ ഇത്തരമൊരു ശസ്ത്രക്രിയയ്ക്ക് നിര്ദേശിക്കാറുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നിരവധി അസുഖങ്ങളുള്ളതിനാല്‍ താക്കൂറിന് ശസ്ത്രക്രിയ കൂടാതെ കഴിയില്ലായിരുന്നുവെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.