KSDLIVENEWS

Real news for everyone

നേരത്തെ തീരുമാനിച്ചത്, ജെറുസലേമും ബത്‌ലഹേമും സന്ദര്‍ശിച്ചു; ‘മുങ്ങിയ’ ബിജു തിരിച്ചെത്തി

SHARE THIS ON

കോഴിക്കോട്: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിരിച്ചെത്തി. ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്. ബിജുവിനെ സഹോദരന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു. ’19-ാം തീയതി ഞായറാഴ്ചയായിരുന്നു തിരിച്ചുവരേണ്ടിയിരുന്നത്. അതിന് മുമ്പ്, പുണ്യനാട്ടില്‍ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഞാന്‍ തീരുമാനിച്ച കാര്യമാണ്. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്‌ലഹേമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ വാട്‌സാപ്പ് വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടാനുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. മോശമായ രീതിയിലായിരുന്നു ഓരോ കാര്യങ്ങള്‍ വന്നത്. വിഷമമായതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവിടെ തന്നെ തുടരേണ്ടിവന്നു. ഇങ്ങനെയൊരുഘട്ടത്തില്‍ സംഘത്തിനൊപ്പം തിരിച്ച് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. വീട്ടുകാരോട്, കൂടെയുണ്ടായിരുന്ന 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോകന്‍ സാറിനോട്, മന്ത്രിയോട്, സര്‍ക്കാരിനോട്, എല്ലാവരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു’, വിമാനത്താവളത്തില്‍ വെച്ച് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘാംഗങ്ങളോട് പറഞ്ഞാല്‍ സമ്മതം ലഭിക്കില്ലെന്ന് കരുതിയതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് ബിജു പറയുന്നത്. ഇന്റനെറ്റ് സൗകര്യം ലഭിക്കാത്തതിനാലും ഐ.എസ്.ഡി. കോളുകള്‍ വിളിക്കാന്‍ കഴിയാത്തതിനാലുമാണ് അറിയിക്കാന്‍ കഴിയാതിരുന്നത്. സോഷ്യല്‍ മീഡിയയിലും മറ്റും മുങ്ങിയെന്ന തരത്തിലെ പ്രചാരണം മനോവിഷമമുണ്ടാക്കി. തന്നെ കണ്ടെത്തുകയോ ഏജന്‍സികള്‍ പിടികൂടുകയോ ആയിരുന്നില്ല, നാട്ടില്‍ നിന്ന് സഹോദരന്‍ അയച്ചുതന്ന ടിക്കറ്റിലാണ് തിരിച്ചെത്തിയതെന്നും ബിജു അവകാശപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!