വിവരാവകാശ കമ്മിഷണർ വിരട്ടി; 23 വർഷമായി കാണാത്ത ഫയൽ 24 മണിക്കൂറിനകം കിട്ടി, kerala

തൊടുപുഴ: മരിച്ചുപോയ ജീവനക്കാരന്റെ ആനുകൂല്യങ്ങളും ആശ്രിതനിയമനവും, സർവീസ് ബുക്ക് കാണാനില്ലെന്ന കാരണംപറഞ്ഞ് 23 വർഷം തടഞ്ഞുവെച്ചു. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഇടപെട്ടതോടെ 24 മണിക്കൂറിനകം രേഖകൾ കിട്ടി. വിവരാവകാശ കമ്മിഷണർ മലപ്പുറത്ത് നടത്തിയ തെളിവെടുപ്പിനെത്തുടർന്നാണ്, ഇടുക്കി ഡി.എം.ഒ. ഓഫീസിൽ മുങ്ങിയ ഫയൽ പൊങ്ങിയത്. ഇതുസംബന്ധിച്ച് സമയത്ത് നടപടി സ്വീകരിക്കാത്തതിന്, ഇടുക്കി ഡി.എം.ഒ. ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരേ വിവരാവകാശനിയമപ്രകാരം നടപടിയെടുക്കാനും കമ്മിഷണർ ഉത്തരവിട്ടിട്ടുണ്ട്. ഇടുക്കി ഡി.എം.ഒ. ഓഫീസിൽ ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ വിഭാഗത്തിൽ ഓഫീസറായിരുന്ന ജയരാജൻ സർവീസിലിരിക്കെ 2017-ൽ മരിച്ച സംഭവത്തിലാണ് നടപടികൾ. മരിച്ച സഹപ്രവർത്തകനോടുപോലും നീതി കാട്ടാത്തവരോട്, 24 മണിക്കൂറിനകം സർവീസ് ബുക്ക് ഹാജരാക്കാൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിടുകയായിരുന്നു. ഇല്ലെങ്കിൽ സ്വന്തം സർവീസ് ബുക്കിൽ മോശം പരാമർശം വരുമെന്ന്, തെളിവെടുപ്പിന് ഹാജരായ ഉദ്യോഗസ്ഥന് അദ്ദേഹം താക്കീത് നൽകിയിരുന്നു. വിവരാവകാശ കമ്മിഷണർ തലസ്ഥാനത്തെ ചേംബറിൽ തിരിച്ചെത്തിയപ്പോൾത്തന്നെ, ഇടുക്കി ഓഫീസിൽനിന്ന് സർവീസ് ബുക്കും ഇതര രേഖകളുമായി ഉദ്യോഗസ്ഥരും ഹാജരായി. ആനുകൂല്യങ്ങൾക്കായി മലപ്പുറം നിലമ്പൂരിലുള്ള ബന്ധുക്കളാണ് വിവരാവകാശ കമ്മിഷണറെ സമീപിച്ചത്. മരിക്കുന്നതിന് 17 വർഷംമുമ്പ് ജയരാജന്റെ സർവീസ് ബുക്ക് കാണാതായെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞുകൊണ്ടിരുന്നത്. ജയരാജന്റെ സർവീസ്ബുക്ക് 2000 മേയിൽ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിലേക്ക് അയച്ചിരുന്നു. പിന്നീടിത് മടക്കിക്കിട്ടിയില്ലെന്നായിരുന്നു, ബന്ധുക്കളുടെ വിവരാവകാശ അപേക്ഷയ്ക്ക് ഡി.എം.ഒ. ഓഫീസിൽനിന്ന് നൽകിയ മറുപടി. കമ്മിഷൻ ആവശ്യപ്പെട്ടിട്ടും ഇതുസംബന്ധിച്ച റിപ്പോർട്ട് ഡി.എം.ഒ. ഓഫീസ് സമർപ്പിച്ചില്ല. തുടർന്നാണ് കമ്മിഷൻ ഇതുസംബന്ധിച്ച് തെളിവെടുത്തത്. 2000 ജൂലായിൽത്തന്നെ അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽനിന്ന് സർവീസ്ബുക്ക് തിരികെ അയച്ചെന്നും അത് ഇടുക്കി ഡി.എം.ഒ. കൈപ്പറ്റിയെന്നും കമ്മിഷണർ തെളിവെടുപ്പിൽ കണ്ടെത്തി. ഇതോടെയാണ് 24 മണിക്കൂറിനകം അത് ഹാജരാക്കാൻ കമ്മിഷണർ ഉത്തരവിട്ടത്. ആനുകൂല്യങ്ങൾ ഉടൻ തിട്ടപ്പെടുത്താനും നടപടിക്രമങ്ങൾ പാലിച്ച് സർവീസ് ബുക്ക് ഹെൽത്ത് ഡയറക്ടർക്ക് അയയ്ക്കാനും കമ്മിഷണർ

