ടാറ്റാ കോവിഡ് ആശുപത്രി ഇനി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ; പുതിയ കെട്ടിടങ്ങളും സൗകര്യങ്ങളും ഒരുക്കും 50 കിടക്കകളുള്ള ആസ്പത്രിയാക്കും 23.75 കോടിരൂപ അനുവദിച്ചു

പൊയിനാച്ചി : കോവിഡ് ചികിത്സയിൽ ജില്ലയുടെ പ്രതീക്ഷയായിരുന്ന തെക്കിൽ ടാറ്റ ട്രസ്റ്റ് ഗവ. ആസ്പത്രിയുടെ സ്ഥാനത്ത് സ്പെഷ്യാലിറ്റി നിലവാരത്തിൽ 50 കിടക്കകളുള്ള അതി തീവ്രപരിചരണവിഭാഗം തുടങ്ങും. നിലവിലുള്ള പ്രീ-ഫാബ്രിക്കേറ്റഡ് കൺടെയ്നറുകൾ ഒഴിവാക്കി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമിച്ചായിരിക്കും പുതിയ ചികിത്സാസംവിധാനം ഒരുക്കുക. 2023-24-ലെ പദ്ധതിയിൽ കെട്ടിടം നിർമിക്കാനും അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനും 23.75 കോടി രൂപ സർക്കാർ അനുവദിച്ചു. കേന്ദ്ര-സംസ്ഥാനവിഹിതം ആനുപാതികമായി ഉപയോഗിക്കും. ടാറ്റ ആസ്പത്രി ഉൾപ്പെടെ ഒൻപതിടങ്ങളിലാണ് സംസ്ഥാനത്ത് അതി തീവ്രപരിചരണ വിഭാഗം പുതുതായി തുടങ്ങുന്നതിന് നടപടിയായിരിക്കുന്നത്. ഒന്നരവർഷത്തിനകം കെട്ടിടമൊരുക്കി പുതിയ സംവിധാനത്തിൽ ആസ്പത്രി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ജില്ലാ ആസ്പത്രിയുടെ അനുബന്ധ ഘടകമായാണ് ഇത് പ്രവർത്തിക്കുക. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ.യുടെ അധ്യക്ഷതയിൽ നേരത്തേ കൂടിയ ജില്ലാതല യോഗം ജില്ലാ ആസ്പത്രി നിലവാരത്തിലുള്ള സ്പെഷ്യാലിറ്റി ചികിത്സാസൗകര്യം ഇവിടെ ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആസ്പത്രിയുടെ ചുമതല ജില്ലാപഞ്ചായത്തിനെ ഏൽപ്പിച്ച് എം.എം.സി. രൂപവത്കരിക്കണമെന്ന ശുപാർശയിൽ പിന്നീട് തീരുമാനമെടുക്കും.

