KSDLIVENEWS

Real news for everyone

കെ.സുരേന്ദ്രന്റെ പദയാത്രയ്ക്ക് കേന്ദ്രനേതൃത്വത്തിന്റെ ഉടക്ക്

SHARE THIS ON

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 20 മണ്ഡലങ്ങളിലും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ്‌ കെ.സുരേന്ദ്രൻ പദയാത്ര നടത്താനുള്ള തീരുമാനത്തിന് പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ ഉടക്ക്. ബൂത്ത് കമ്മിറ്റികൾ ശാക്തീകരിച്ചശേഷം പദയാത്ര നടത്തിയാൽ മതിയെന്നാണ് നിർദേശം. യാത്രയോടെ താഴേത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താമെന്ന സംസ്ഥാനനേതൃത്വത്തിന്റെ നിർദേശം കേന്ദ്രം തള്ളുകയായിരുന്നു. ബൂത്ത് ശാക്തീകരണ പരിപാടിക്കൊപ്പം കർഷകർ, വിമുക്തഭടർ, യുവാക്കൾ എന്നിവരുടെ സമ്മേളനങ്ങൾ നടത്തും. ഏപ്രിൽ-മേയ് മാസങ്ങളിൽ പദയാത്ര നടത്താനായിരുന്നു ആലോചന. പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് പദയാത്ര നീട്ടിവെച്ചതെന്നാണ് സുരേന്ദ്രൻ വിഭാഗം പറയുന്നത്. കടുത്ത ചൂട് വെല്ലുവിളിയാകും എന്നതും പദയാത്ര നീട്ടിവെക്കാൻ കാരണമായി. സെപ്‌റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പദയാത്ര നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. തിരഞ്ഞെടുപ്പിനോട് അടുത്തസമയത്ത് പദയാത്ര നടത്തിയാൽ ഗുണമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ടായി. ലോക്‌സഭാ മണ്ഡലങ്ങളിലും ഒരുദിവസം വീതമുള്ള പദയാത്രയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ കാസർകോട്ടുനിന്ന് തുടങ്ങി തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര നടത്താനാണ് ഇപ്പോഴത്തെ ആലോചന. കഴിഞ്ഞ ദേശീയ നിർവാഹകസമിതി തീരുമാനിച്ച ‘നന്ദി മോദി’ അടക്കമുള്ള പരിപാടികളൊന്നും കേരളത്തിൽ വിജയിച്ചില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ബൂത്ത് ശാക്തീകരണത്തിന് അതീവ ശ്രദ്ധകൊടുക്കണമെന്ന കർശന നിർദേശമാണ് കേന്ദ്രനേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!