ഒരു രാത്രി നീണ്ട ശ്രമം വിഫലമായി; കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

മുംബൈ: മഹാരാഷ്ട്ര അഹ്‌മദ്‌നഗറില്‍ തുറന്നു കിടന്ന കുഴല്‍ക്കിണറില്‍ വീണ് കുട്ടി മരിച്ചു. സാഗര്‍ ബുദ്ധ ബരേല എന്ന അഞ്ചുവയസ്സുകാരനാണ് മരിച്ചത്. എന്‍.ഡി.ആര്‍.എഫ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയായിരുന്നു കുട്ടിയുടെ മരണം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം നാലു മണിക്കായിരുന്നു 200 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുട്ടി വീഴുന്നത്. 15 അടിയോളം താഴ്ചയില്‍ കുടുങ്ങിയിരിക്കുകയായിരുന്നു കുട്ടി. തുടര്‍ന്ന് എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് കുട്ടിയുടെ നില വഷളാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെ കുട്ടി മരിച്ചതായി അധികൃതര്‍ അറിയിച്ചു. മധ്യപ്രദേശ് സ്വദേശികളാണ് സാഗറിന്റെ കുടുംബം. സ്ഥലത്ത് കരിമ്പ് വെട്ടുന്ന ജോലിക്കാരായിരുന്നു ഇവര്‍. സമാനമായ രീതിയില്‍ ഉത്തര്‍ പ്രദേശ് ഹപുരില്‍ നാലുവയസ്സുകാരന്‍ വീണ സംഭവത്തില്‍ എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കുട്ടിയെ രക്ഷിക്കാനായിരുന്നു.

