KSDLIVENEWS

Real news for everyone

‘പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർഎസ്എസിനു പണയം വച്ചു; മന്ത്രിയായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായി’

SHARE THIS ON

തിരുവനന്തപുരം∙ ബിജെപിയുടെ പ്രതിപക്ഷനേതാവിനെ പോലെയാണ് വി.ഡി.സതീശൻ പെരുമാറുന്നതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപിയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്താണ് പ്രതിപക്ഷ നേതാവ് മുന്നോട്ടു പോകുന്നത്. ബിജെപിക്കെതിരെ ശബ്ദം ഉയർത്താൻ അദ്ദേഹം തയാറല്ല. പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർഎസ്എസിനു പണയം വച്ചു. മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം വി.ഡി.സതീശനെ വിലയിരുത്തും. അദ്ദേഹം പ്രതിപക്ഷ നേതാവായത് പിൻവാതിലിലൂടെയാണോ എന്ന അപകർഷതാബോധം അദ്ദേഹത്തിനുണ്ട്. ത്യാഗാനുഭവമോ അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാൽ പാർട്ടിയിൽ അദ്ദേഹത്തോട് എതിർപ്പുണ്ട്. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി. പ്രതിപക്ഷ നേതാവിനെക്കണ്ട് ഗുഡ്മോണിങും ഗുഡ് ഈവനിങും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാൻ കഴിയൂ എന്ന തോന്നൽ അദ്ദേഹത്തിനുണ്ട്. അത് പ്രതിപക്ഷ നേതാവിന്റെ അലമാരയില്‍ വച്ചാൽ മതി. മന്ത്രിമാരെ തുടർച്ചയായി ആക്ഷേപിക്കുകയാണ്. താനുൾപ്പടെയുള്ളവർ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. വികസനകാര്യത്തിൽ എല്ലാവരെയും ഒരുമിപ്പിച്ചാണ് സർക്കാർ പോകുന്നത്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണം ഉയർന്നാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസംപോലും വി.ഡി.സതീശൻ ജയിൽവാസം അനുഭവിച്ചിട്ടില്ല. രാഷ്ട്രീയ ത്യാഗം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. 30 കൊല്ലം എംഎൽഎയായിരുന്ന കാര്യമാണ് എപ്പോഴും പറയുന്നത്. അല്ലാതെ അദ്ദേഹത്തിന് വേറൊന്നും അറിയില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!