എറണാകുളത്തും മലയോര മേഖലകളിലും വേനൽമഴ; ചൂട് കുറഞ്ഞത് 15 ഡിഗ്രി വരെ

പത്തനംതിട്ട∙ കടുത്ത ചൂടിന് ആശ്വാസമേകി ഇന്നലെ വൈകുന്നേരം സംസ്ഥാനത്തിന്റെ മലയോര മേഖലകളിൽ വേനൽമഴ പെയ്തിറങ്ങിയതോടെ ശരാശരി താപനിലയിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അനുഭവപ്പെട്ട കുറവ് 15 ഡിഗ്രി സെൽഷ്യസ്. ഇന്നലെ തൃശൂരിലെ വെള്ളാനിക്കരയിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയായ 38 ഡിഗ്രി രേഖപ്പെടുത്തിയത്. മറ്റു സ്ഥലങ്ങളിൽ 35– 36 ഡിഗ്രിയും അനുഭവപ്പെട്ടു. പലയിടത്തും മഴ ലഭിച്ചതോടെ വൈകുന്നേരം താപനില 20–22 ഡിഗ്രിയായി താണു. മാലിന്യപ്പുകയേറ്റു നിൽക്കുന്ന എറണാകുളം ജില്ലയുടെ പലഭാഗത്തും ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ മഴ ലഭിച്ചു. ആദ്യമഴയുടെ ശുദ്ധത അളക്കാൻ പിഎച്ച് മൂല്യം പരിശോധനയ്ക്കും അമ്ലത കണ്ടെത്താനും മഴവെള്ളം ഔദ്യോഗികമായി ആരെങ്കിലും ശേഖരിച്ചിട്ടുണ്ടോ എന്നു വ്യക്തമല്ല. ജില്ലയുടെ കിഴക്കൻ അതിർത്തിയായ നേര്യമംഗലത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 23 മില്ലീമീറ്ററോളം മഴ സ്വയം നിയന്ത്രിത മാപിനികളിൽ രേഖപ്പെടുത്തി. കാലാവസ്ഥ വിഭാഗം ഇത് ഔദ്യോഗികമായി കണക്കിലെടുക്കാറില്ലെങ്കിലും മഴ യാഥാർഥ്യമായതിന്റെ ആശ്വാസത്തിലാണ് ജില്ല.
ലഭിച്ച മഴ:
ഓടക്കാലി (16), ആലുവ (7), എറണാകുളം (6.5), മട്ടാഞ്ചേരി (4.5), കൂത്താട്ടുകുളം (8.5), ചൂണ്ടി (7.5). പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടിയോടുകൂടി എത്തിയ മഴ ജില്ലയ്ക്കു ആശ്വാസ കുളിരായി. ചൊവ്വാഴ്ച സീതത്തോട്ടിലും അയിരൂർ വാഴക്കുന്നത്തും 20 മില്ലീമീറ്റർ പെയ്തിരുന്നു. ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളിൽ ലഭിച്ച മഴ: (ഓട്ടമാറ്റിക് മാപിനികളിൽനിന്നു ലഭിച്ച കണക്ക്): പത്തനംതിട്ട വാഴക്കുന്നം (18), സീതത്തോട് (2.5), കുന്നന്താനം (1), റാന്നി (3.5). തൃശൂർ അതിരപ്പിള്ളി (6.5), പാലക്കാട് അടയ്ക്കാപുത്തൂർ (0.5), പെരിങ്ങൽക്കുത്ത് (2.5), കോട്ടയം കുമരകം (0.5), പൂഞ്ഞാർ (10), ഇടുക്കി തൊടുപുഴ (8.5), പീരുമേട് (10.5).

