KSDLIVENEWS

Real news for everyone

സുധാകരന്‍ കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തി; ജനം മര്യാദ പഠിപ്പിക്കും- ശിവന്‍കുട്ടി

SHARE THIS ON

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് സുധാകരനെന്നും കോണ്‍ഗ്രസിന്റെ നിലവാരം സുധാകാരനോളം താഴ്ന്നിരിക്കുന്നു എന്നതിന്റെ തെളിവാണ് കോണ്‍ഗ്രസില്‍ നിന്ന് സുധാകരന്റെ പരാമര്‍ശങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശങ്ങളെ കാണാനാകൂ. രാഷ്ട്രീയത്തില്‍ മുഖ്യമന്ത്രി കടന്നുവന്ന വഴിയും സുധാകരന്‍ കടന്നുവന്ന വഴിയും നിരീക്ഷിച്ചാല്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം മനസിലാകുമെന്നും ശിവന്‍കുട്ടി പറഞ്ഞു. രാഷ്ട്രീയമായി നേരിടാന്‍ കഴിയാതാകുമ്പോള്‍ വ്യക്തിഹത്യ നടത്തുക, കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുക, മോശം പദപ്രയോഗം നടത്തുക തുടങ്ങിയ നടപടികളാണ് സമീപകാലത്ത് കോണ്‍ഗ്രസ് നടപ്പാക്കുന്ന രാഷ്ട്രീയം. അത്തരം അധമ രാഷ്ട്രീയത്തെ ജനം തള്ളിക്കളയുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്ഫലം. ഈ രാഷ്ട്രീയ യാഥാര്‍ഥ്യം മനസിലാക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍ സുധാകരന് പഠിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് ഇനിയും ഇല്ലാതാകുകയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ദേശീയ നേതൃത്വത്തിനും സുധാകരന്റെ നിലപാട് തന്നെ ആണോ ഉള്ളത് എന്നറിയാന്‍ താല്പര്യം ഉണ്ട്. കോണ്‍ഗ്രസിലെ പുതുതലമുറ നേതാക്കളും സുധാകരന്റെ പാത പിന്തുടരുന്നത് ആ പാര്‍ട്ടിയുടെ ധാര്‍മിക ക്ഷയത്തെ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കില്‍ ജനം മര്യാദ പഠിപ്പിക്കുമെന്നത് തീര്‍ച്ചയാണെന്നും ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാന്‍ എവിടുന്നാണ് പണം ലഭിച്ചതെന്ന് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാര്‍ ആലോചിക്കണമെന്നായിരുന്നു സുധാകരന്‍ പരാമര്‍ശം. നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാന്‍ നട്ടെല്ലുണ്ടെങ്കില്‍ എം വി ഗോവിന്ദന്‍ തയ്യാറാകണമെന്നും അഴിമതിക്കാരനല്ലാത്ത പാര്‍ട്ടി സെക്രട്ടറി അഴിമതിക്കാരന് ചൂട്ട് പിടിക്കരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം അങ്ങേയറ്റം അപലപനീയം- മന്ത്രി പി രാജീവ് മുഖ്യമന്ത്രിക്കെതിരേ സുധാകരന്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി പി രാജീവ്. പൊതുപ്രവര്‍ത്തന മര്യാദകള്‍ക്ക് നിരക്കാത്തതും ഒരു രാഷ്ട്രീയ നേതാവ് ഒരു സാഹചര്യത്തിലും നടത്താന്‍ പാടില്ലാത്തതുമായ പരാമര്‍ശമാണത്. സ്ഥിരമായി പ്രതിപക്ഷത്തിരിക്കേണ്ടിവരുമെന്ന ചിന്ത കേരളത്തിലെ കോണ്‍ഗ്രസിന്റെ സമനില തെറ്റിച്ചിരിക്കുന്നു എന്നാണ് കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും വാക്കുകള്‍ സൂചിപ്പിക്കുന്നതെന്നും രാജീവ് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞുകൊണ്ട് സുധാകരന്‍ നടത്തിയ പ്രസംഗവും മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തുന്ന പ്രസ്താവനകളും പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ല. ഇത്തരം പ്രതികരണങ്ങള്‍ ജനങ്ങള്‍ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും പ്രതിപക്ഷം മനസിലാക്കണം. പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്ന മണിശങ്കര്‍ അയ്യരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തിരുന്നു. മണിശങ്കര്‍ അയ്യരുടെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് കോണ്‍ഗ്രസ് നേതൃത്വം സുധാകരന്റെ കാര്യത്തിലും സ്വീകരിക്കാന്‍ തയ്യാറാകുമോ? അതോ പ്രധാനമന്ത്രിയെ പറഞ്ഞാല്‍ മാത്രമേ സംഘടനാ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയുള്ളോവെന്നും രാജീവ് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!