ശ്രീനഗറിൽ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് വരുന്നു

ശ്രീനഗർ | മിഡിൽ ഈസ്റ്റ് റീട്ടെയ്ലർ ഗ്രൂപ്പായ ലുലു ഗ്രൂപ്പ് ജമ്മു കശ്മീരിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറക്കുന്നു. ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പും യു എ ഇ ആസ്ഥാനമായുള്ള എമാർ ഗ്രൂപ്പും തമ്മിൽ ധാരണയായി. ശ്രീനഗറിലെ സെംപോറയിൽ എമാർ ഗ്രൂപ്പ് സ്ഥാപിക്കുന്ന ‘മാൾ ഓഫ് ശ്രീനഗറി’ന്റെ തറക്കല്ലിടൽ ചടങ്ങിൽ വെച്ചാണ് ലുലു ഇന്ത്യയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ രജിത് രാധാകൃഷ്ണനും എമാർ ഗ്രൂപ്പ് സി ഇ ഒ അമിത് ജെയിനുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ജമ്മു കാശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് 250 കോടി രൂപ നിക്ഷേപത്തിൽ ആരംഭിക്കുന്ന മാൾ ഓഫ് ശ്രീനഗറിൻ്റെ തറക്കല്ലിട്ടത്. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പദ്ധതി 2026-ൽ പൂർത്തിയാക്കാനാണ് ആഗോള പ്രശസ്തമായ ബുർജ് ഖലീഫ, ദുബായ് മാൾ എന്നിവയുടെ ഉടമസ്ഥരായ എമാർ ഉദ്ദേശിക്കുന്നത്.

