KSDLIVENEWS

Real news for everyone

ഉത്തരേന്ത്യയില്‍ വന്‍ ഭൂചലനം; ദില്ലിയിലടക്കം ജനം പരിഭ്രാന്തിയില്‍

SHARE THIS ON

ദില്ലി: എന്‍സിആര്‍ മേഖലയില്‍ വന്‍ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീര്‍, ദില്ലി, ഉത്തര്‍പ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു.ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിര്‍ത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം.

ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലും ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളില്‍ വെച്ച്‌ ഏറ്റവും ശക്തമായ പ്രകമ്ബനമാണ് ഇന്നുണ്ടായത്.

ഉത്തരേന്ത്യയില്‍ പ്രകമ്ബനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. ഇപ്പോള്‍ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വര്‍ക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ ശര്‍കര്‍പൂരില്‍ കെട്ടിടം ചരിഞ്ഞതായി ദില്ലി ഫയര്‍ സര്‍വീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കന്‍ ദില്ലിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്ബനം അനുഭവപ്പെട്ടതായി ഇവിടെയുള്ള മലയാളികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!