ഖുറാഫാത്ത് ഉണ്ടാക്കുന്നുവെന്ന്; പട്ടാള പള്ളിയില്‍ ഒറ്റക്ക് നിസ്കരിച്ചയാള്‍ക്ക് ക്രൂര മര്‍ദനം

കോഴിക്കോട് | നഗരത്തിലെ പട്ടാള പള്ളിയില്‍ നിസ്കരിക്കാനെത്തിയ ആള്‍ക്ക് ക്രൂര മര്‍ദനം. കക്കോടി സ്വദേശി ഷമൂണ്‍ (53)നാണ് മര്‍ദനമേറ്റത്. പള്ളിയിലെ ജീവനക്കാരനായ മലപ്പുറം ഐക്കരപടി ഓട്ടുപാറ മൊയ്തു (60) ആണ് മര്‍ദിച്ചത്. എറണാകുളത്തേക്കുള്ള യാത്രക്കായി ഷമൂണ്‍ അതിരാവിലെ നഗരത്തിലെത്തുകയായിരുന്നു. തുടര്‍ന്ന് പട്ടാള പള്ളിയിലെത്തി നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞ ഉടനെ ഒറ്റക്ക് നിസ്കരിച്ചത് എന്തിനാണെന്ന് ചോദിച്ച് മൊയ്തു ഷമൂണിനോടു കയര്‍ക്കുകയായിരുന്നു. കൂടാതെ, ഖുറാഫാത്ത് ഉണ്ടാക്കുകയാണെന്ന് പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മര്‍ദനമേറ്റ് നിലത്തുവീണ ഷമൂണിന്റെ ദേഹത്ത് കയറിയ ശേഷം ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തുവെന്ന് ഷമൂണ്‍ പറഞ്ഞതായി സഹോദരന് അല്‍ത്താഫ് വ്യക്തമാക്കി. അവശനായ ഷമൂണ്‍ ഉടന്‍ തന്നെ പോലീസ് കണ്ട്രോള് റൂമില്‍ അഭയം തേടി. രക്തം വന്നു കൊണ്ടിരുന്ന സാഹചര്യത്തില്‍ പോലീസുകാര്‍ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മുറിവുകള്‍ കെട്ടുകയും മുഖത്തും ചുണ്ടിലുമായി എട്ട് സ്ഥലത്ത് തുന്നിടുകയും ചെയ്തു. കക്കോടി സ്വദേശിയായ ഷമൂണ്‍ നിലവില്‍ എറണാകുളം കാക്കനാട്ടാണ് താമസിക്കുന്നത്. ബെംഗളൂരുവിലെ ബിസിനസുകാരനാണ്. വഹാബിസത്തിന്റെ അതിതീവ്രതയാണ് തന്റെ സഹോദരന് അനുഭവിക്കേണ്ടി വന്നതെന്ന് ഷമൂണിന്റെ സഹോദരന് അല്‍ത്താഫ് വ്യക്തമാക്കി. പ്രതി മൊയ്തു ഉടന്‍ തന്നെ നഗരം പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു. ഐ പി സി 341, 323, 324 വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തത്. അതിക്രൂരമായി മര്‍ദിച്ചിട്ടും പ്രതിക്കെതിരെ നിസ്സാര വകുപ്പുകളാണ് ചേര്‍ത്തിയതെന്ന് ആരോപണമുണ്ട്. അക്രമിച്ചയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പട്ടാള പള്ളി കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ കരീം പറഞ്ഞു.”

