നെല്ലിക്കുന്ന് കസബയിൽ ബോട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്

കാസർകോട് : നെല്ലിക്കുന്ന് കസബയിൽ വ്യാഴാഴ്ച പുലർച്ചെ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്ക്. രണ്ടുപേർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കസബ കടപ്പുറത്തെ ആർ. മുരളി (47), ബി. പ്രസീതൻ (37), നീലേശ്വരം സ്വദേശിയായ പി.കെ. രാകേഷ് (38) എന്നിവരെ പരിക്കുകളോടെ കാസർകോട് ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ മൂന്നിനാണ് അഞ്ചംഗസംഘം മീൻപിടിക്കാൻ പോയത്. മടങ്ങിവരവെ തീരത്തോട് അടുക്കാറായപ്പോൾ ബോട്ടിന്റെ എൻജിൻ തകരാറിലായി. സ്റ്റിയറിങ്ങിന്റെ ബെൽറ്റ് പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു. ശക്തമായ വടക്കൻകാറ്റും തിരയുമാണ് ബോട്ട് തകരാൻ കാരണമായത്. തിരയിൽപ്പെട്ട് ബോട്ടുലഞ്ഞപ്പോഴാണ് സംഘത്തിലെ മൂന്നുപേർക്ക് പരിക്കേറ്റത്. ഡി. കരുണാകരൻ, പി. രാഘവൻ എന്നിവർ കടലിലേക്ക് തെറിച്ചുവീണു. പുലർച്ചെ ആയതിനാൽ സഹായത്തിനാരും തീരത്ത് ഉണ്ടായിരുന്നില്ല. അഞ്ചുപേരും കരയിത്തി അടുത്തുള്ള വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് ആസ്പത്രിയിൽ എത്തിച്ചത്. കസബ കടപ്പുറത്തെ കെ. ബാലന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് തകർന്നത്. വലയും നഷ്ടമായതോടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത വന്നെങ്കിലും ആളപായം ഇല്ലാത്തതിന്റെ ആശ്വാസത്തിലാണ് ബാലൻ. തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം തീരത്തോട് അടുക്കാറായപ്പോൾ സംഭവിച്ച അപകടമായതിനാലാണ് ജീവൻ നഷ്ടമാകാതെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടത്. 2021 ജൂലായ് നാലിനുണ്ടായ അപകടത്തിൽ മൂന്ന് ജീവന് നഷ്ടമായതിന്റെ മുറിപ്പാടുകൾ മാഞ്ഞുതുടങ്ങുന്നതേയുള്ളൂ. ഫൈബർതോണി തിരയിൽ മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് രക്ഷപ്പെട്ട കോട്ടിക്കുളം സ്വദേശി രവി സോമന് ഇന്നും മരവിപ്പിക്കുന്ന ഓർമയാണത്. 2021 ജൂണിൽ നീലേശ്വരം അഴിത്തലയിലും മീൻപിടിക്കാൻ പോയ ഫൈബർതോണി തകർന്ന് അപകടമുണ്ടായിരുന്നു. 2019 ഒക്ടോബർ 30-ന് കുമ്പള കോയിപ്പാടിയിൽനിന്ന് മീൻപിടിക്കാൻ പോയവരുടെ തോണിയും മറിഞ്ഞിരുന്നു. 2016 സെപ്‌റ്റംബറിൽ കോട്ടിക്കുളം തൃക്കണ്ണാടും ഫൈബർ തോണി അപകടത്തിൽപ്പെട്ടു. സുരക്ഷാസംവിധാനങ്ങളുടെ കുറവും കാര്യക്ഷമമായ രക്ഷാപ്രവർത്തനവും ഇല്ലാത്തത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുകയാണ്

