വിദേശ രാജ്യങ്ങളില്‍ നടന്നുവന്ന ഗംഭീരസംഭവം ഇനി കേരളത്തിലും, സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കും

കൊച്ചി: അന്യനാട്ടുകാര്ക്കുവേണ്ടി പോഷ് കല്യാണ വേദികളൊരുക്കാന്‍ ടൂറിസം വകുപ്പ്. കേരളത്തെ പ്രമുഖ വെഡിംഗ് ഡെസ്റ്റിനേഷനാക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം.വെഡിംഗ് ഇന്‍ കേരള എന്നാണ് പേര്. 1.75 കോടി രൂപ മാര്‍ക്കറ്റിംഗിനായി വകയിരുത്തി. നാല് മാസത്തിനുള്ളില്‍ പദ്ധതി ആരംഭിക്കും.
കെ.ടി.ഡി.സി ഹോട്ടലുകള്‍ക്ക് പുറമേ സ്വകാര്യ ഹോട്ടലുകളെയും റിസോര്‍ട്ടുകളെയും ഇതിന്റെ ഭാഗമാക്കും. ആവശ്യക്കാര്‍ക്ക് ടൂറിസം വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്ന് ഇഷ്ടമുള്ള ഡെസ്റ്റിനേഷന്‍ തിരഞ്ഞെടുക്കാം. ഹോട്ടലുകളുമായി നേരിട്ടും ഇടപാടുകള്‍ നടത്താം. ഇവന്റ് മാനേജ്മെന്റ് അടക്കമുള്ള കാര്യങ്ങള്‍ വിവാഹ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം.
കൊവിഡ് കാലത്ത് ഡെസ്റ്റിനേഷന്‍ വെഡിംഗ് കേരളത്തിലെ പല ഹോട്ടലുകളിലും നടന്നതോടെയാണ് ഇതിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചത്. മറ്റ് രാജ്യങ്ങളില്‍ വിവാഹം നടത്തിയിരുന്നവര്‍ വിമാനയാത്രയ്ക്ക് തടസം നേരിട്ടതോടെ കേരളത്തിലുമെത്തുകയായിരുന്നു. അത് ട്രെന്‍ഡായി മാറി.
വലിയ കല്യാണത്തിന് കോടികള്‍ ചെലവുവരും. ധാരാളം മുറികളുള്ള ഹോട്ടല്‍, ഔട്ട്ഡോര്‍ സൗകര്യം, പ്രകൃതി ഭംഗി എന്നിവ നോക്കിയാണ് ഹോട്ടലുകള്‍ തിരഞ്ഞെടുക്കുക. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ പരദേശി കല്യാണങ്ങള്‍ നടക്കുന്നത്.
നിലവില്‍ പല ഹോട്ടല്‍ ഗ്രൂപ്പുകളും റിസോര്‍ട്ടുകളും വിവാഹ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ട്. മൂന്ന് ദിവസത്തെ വെഡിംഗ് പ്ലാനുകളാണ് പ്രിയം. കേരളസദ്യയ്ക്ക് പുറമേ കഥകളി, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയവയും അവതരിക്കും. ചെറു ട്രിപ്പുകള്‍ ഉള്‍പ്പെട്ട പാക്കേജുമുണ്ട്. 300 വിദേശികള്‍ പങ്കെടുത്ത വിവാഹവും കൊച്ചിയില്‍ നടന്നു. മാസം 10 വരെ ഇത്തരം വിവാഹങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്.
വിപുലമായ പ്രചാരണം
ചെറു വീഡിയോകളിലൂടെ വെഡിംഗ് ഇന്‍ കേരള കാമ്ബയിന് ആരംഭിച്ചു
രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ പരസ്യങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്
വിദേശ വിമാനത്താവളങ്ങളിലും മാദ്ധ്യമങ്ങളിലും പരസ്യം ഇടംപിടിക്കും
വിദേശരാജ്യങ്ങളില്‍ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ക്ക് കേരളം അനുയോജ്യ സ്ഥലമാണ്. ഇതുമായി ബന്ധപ്പെട്ട് ധാരാളം അന്വേഷണങ്ങള്‍ വരുന്നുണ്ട്. പി.എ.മുഹമ്മദ് റിയാസ്, ടൂറിസം വകുപ്പ് മന്ത്രി
കേരളവും ഗോവയുമാണ് വിവാഹത്തിനായി സഞ്ചാരികള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത്. ഈ മേഖലയില്‍ വലിയ സാദ്ധ്യതകളുണ്ട്. രാജു കണ്ണമ്ബുഴ, സംസ്ഥാന പ്രസിഡന്റ്, ഇവന്റ് മാനേജ്മെന്റ് അസോ.

