രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്; പൊതുറാലിയെ അഭിസംബോധന ചെയ്യും

ബേംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്. ഏപ്രില്‍ 5ന് നടക്കുന്ന പൊതുറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. മാനനഷ്ടക്കേസിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള രാഹുലിന്‍റെ ആദ്യ പൊതുറാലിയാണിത്. 2019ല്‍ കോലാറില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നല്‍കിയ ഹരജിയാണ് ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കാന്‍ സൂറത്ത് കോടതി വിധിച്ചത്. ഈ സാഹചര്യത്തിലാണ് കര്‍ണാടക കോണ്‍ഗ്രസ് കോലാറില്‍ തന്നെ രാഹുലിനെ പങ്കെടുപ്പിച്ചു കൊണ്ട് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. രാഹുലിന് പുറമെ പാര്‍ട്ടിയുടെ നിരവധി കേന്ദ്ര നേതാക്കളും റാലിയെ അഭിസംബോധന ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.എച്ച് മുനിയപ്പ പറഞ്ഞു. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ച ശേഷം അന്തിമ സ്ഥലവും സമയവും തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ”ഭാരത് ജോഡോ യാത്രയിലൂടെ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.രാഹുലിന്‍റെ വളര്‍ച്ച സഹിക്കാന്‍ വയ്യാത്ത ചിലര്‍ അദ്ദേഹത്തെ ലക്ഷ്യമിടുന്നു. രാജ്യത്തെ ജനങ്ങള്‍ ബി.ജെ.പിയുടെ ഓരോ നീക്കവും ഉറ്റുനോക്കുകയാണ്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും അവരെ പാഠം പഠിപ്പിക്കും.” മുനിയപ്പ പറഞ്ഞു. അതേസമയം, എം.എല്‍.സിമാരായ നസീര്‍ അഹമ്മദും അനില്‍കുമാറും കോലാറില്‍ ഉണ്ടായിരുന്നിട്ടും മുന്‍ കേന്ദ്രമന്ത്രിയുടെ അനുയായികള്‍ മാത്രമാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് മാനനഷ്ടക്കേസിന് ആധാരം- “ഒരു കാര്യം ചോദിക്കട്ടെ. ഈ കള്ളന്മാരുടെയെല്ലാം പേരുകളില്‍ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി..” എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. മോദിയെന്ന പേരിനെ രാഹുല്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുന്‍ മന്ത്രിയും എം.എല്‍.എയുമായ പൂര്‍ണേഷ് മോദി കോടതിയെ സമീപിക്കുകയായിരുന്നു.

