KSDLIVENEWS

Real news for everyone

സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം, അഞ്ച് ലക്ഷം പിഴ

SHARE THIS ON

നെടുമങ്ങാട് : കേരളത്തെ ഞെട്ടിച്ച സൂര്യഗായത്രി കൊലക്കേസില്‍ പ്രതി അരുണിന് ജീവപര്യന്തം തടവ് ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. വിവാഹാലോചന നിരസിച്ചതിലെ വൈരാഗ്യത്തെ തുടര്‍ന്നാണ് കരിപ്പൂര്‍ സ്വദേശി സൂര്യഗായത്രിയെ വീട്ടില്‍ കയറി കുത്തിക്കൊന്നതെന്ന് തെളിഞ്ഞിരുന്നു. പേയാട് സ്വദേശിയായ അരുണ്‍ കൊലപാതകം, അതിക്രമിച്ച് കയറല്‍ എന്നീ കുറ്റങ്ങള്‍ നടത്തിയതായി തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മനസാക്ഷിയില്ലാത്ത പ്രവര്‍ത്തിയാണ് പ്രതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കോടതി വിലയിരുത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റ് 30ന് നെടുമങ്ങാടിനടുത്തുള്ള ഉഴപ്പാക്കോണത്ത് ഭിന്ന ശേഷിക്കാരായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20 വയസുകാരിയായ സൂര്യഗായത്രിയെ പ്രതി കുത്തി കൊലപ്പെടുത്തുന്നത്. സൂര്യ ഗായത്രിയുടെ ശരീരത്തില്‍ 33 പ്രാവശ്യം പ്രതി കത്തി കുത്തിയിറക്കി എന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. കൊലക്കുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അരുണിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.  മാരകമായ മുറിവുകളേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സംഭവം നടന്ന പിറ്റേദിവസം പുലര്‍ച്ചെ സൂര്യഗായത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു. ആക്രമണം നടത്തുന്നതിന് മുമ്പ് മൂന്നുദിവസം തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിന് സമീപത്തെത്തിയ അരുണ്‍ പ്രദേശം നിരീക്ഷിച്ചിരുന്നു എന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. സൂര്യഗായത്രിയുടെ വീടിന് സമീപത്തുള്ള ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ള സമയം പ്രതി നോക്കി വച്ചിരുന്നു. ഇത് കണക്കുകൂട്ടിയാണ് ആക്രമിക്കാനുളള സമയം പ്രതി തിരഞ്ഞെടുത്തതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സൂര്യഗായത്രിയെ കൊലപ്പെടുത്താന്‍ തന്നെ ഉദ്ദേശിച്ച് വീടിന്റെ അടുക്കളയിലൂടെയാണ് പ്രതി അകത്തേക്ക് പ്രവേശിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.  സംഭവം നടക്കുന്ന സമയം അമ്മ വത്സലക്കും അച്ഛന്‍ ശിവദാസനൊപ്പം വീട്ടിനുള്ളിലിരിക്കുകയായിരുന്നു സൂര്യ ഗായത്രി. ഇതിനിടയില്‍ പുറത്ത് എന്തോ ശബ്ദം കേട്ട് മൂവരും വീടിനു പുറത്തിറങ്ങി. ഈ സമയത്ത് അടുക്കള വാതിലിലൂടെ പ്രതി വീടിനകത്തേക്ക് കയറുകയായിരുന്നു. തുടര്‍ന്ന് പ്രതി വീടിനുള്ളില്‍ ഒളിച്ചിരുന്നു. പുറത്ത് മറ്റൊന്നും കാണാന്‍ കഴിയാത്തത് കൊണ്ട് സൂര്യഗായത്രിയും മാതാപിതാക്കളും വീടിനകത്തേക്ക് കയറി. ആദ്യം വീടിനുള്ളില്‍ കയറിയത് സൂര്യഗായത്രിയാണ്. ഈ സമയം ഒളിച്ചിരുന്ന പ്രതി അരുണ്‍ സൂര്യഗായത്രിയെ കടന്നുപിടിച്ച് കുത്തുകയായിരുന്നു.  മകളെ പ്രതി ആക്രമിക്കുന്നത് കണ്ടു തടയാന്‍ എത്തിയ അച്ഛനെ അടിച്ച് നിലത്തിട്ടു. ഭിന്ന ശേഷിക്കാരിയായ അമ്മ ഇഴഞ്ഞു വന്ന് മകളെ രക്ഷിക്കാന്‍ ശ്രമിച്ചു. ഈ സമയം അരുണ്‍ അവരെയും ആക്രമിച്ചു. പക തീരും വരെ സൂര്യഗായത്രിയുടെ ശരീരത്തില്‍ പ്രതി കത്തി കുത്തിയിറക്കി. ഒടുവില്‍ മരണം ഉറപ്പിക്കാന്‍ പ്രതി സൂര്യഗായത്രിയുടെ തല പിടിച്ച് ചുമരില്‍ ഇടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതിനു  ശേഷം പുറത്തേക്കോടിയ പ്രതി അടുത്തുള്ള വീട്ടിലെ ടെറസില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ഈ സമയം സൂര്യഗായത്രിയുടെ മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം മുതല്‍ കോടതി ജാമ്യം നല്‍കാത്തതിനാല്‍ ഇയാള്‍ ജയിലിലാണ്. നെടുമങ്ങാട് പൊലിസാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!