തലയിൽ ബുള്ളറ്റ് പ്രൂഫ് ‘ബക്കറ്റ്’ ധരിച്ച് ഇമ്രാൻ ഖാൻ കോടതിയിൽ

ഇസ്‌ലമാബാദ്∙ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) തലവനുമായ ഇമ്രാൻ ഖാൻ ലഹോറിലെ തീവ്രവാദ വിരുദ്ധ കോടതിയിൽ ഹാജരായത് തലയിൽ ബുള്ളറ്റ് പ്രൂഫ് ‘ബക്കറ്റ്’ ധരിച്ച്. ചൊവ്വാഴ്ചയാണ് കനത്ത സുരക്ഷയ്ക്കിടെ അദ്ദേഹം കോടതിയിൽ എത്തിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്. കമാൻഡോകൾ കറുത്ത ബുള്ളറ്റ് പ്രൂഫ് ഷീൽഡുകളുമായി അദ്ദേഹത്തെ വളഞ്ഞിരിക്കുന്നതും വിഡിയോയില്‍ കാണാം. മൂന്ന് കേസുകളിൽ ലഹോർ തീവ്രവാദ വിരുദ്ധ കോടതി ഇമ്രാൻ ഖാന് ഇടക്കാല ജാമ്യം അനുവദിച്ചു. 2022 നവംബറിൽ പാക്കിസ്ഥാനിലെ പഞ്ചാബിലെ വസീറാബാദിൽ പ്രസംഗിക്കുന്നതിനിടെ ഇമ്രാൻ ഖാനുനേരെ വധശ്രമമുണ്ടായിരുന്നു.

