ശ്രീലങ്കയിലും പാകിസ്താനിലും ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ച് സൗദിഅറേബ്യ

റിയാദ്: ശ്രീലങ്കയിലും പാകിസ്താനിലും ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ച് സൗദി അറേബ്യ. സൗദി ഇസ്ലാമികകാര്യ മന്ത്രാലയമാണ് ഇരു രാജ്യങ്ങളിലേയും നയതന്ത്ര കാര്യാലയവുമായി ചേര്‍ന്ന് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിച്ചത്. പാകിസ്താനിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ കിങ് ഫൈസല്‍ മോസ്കിലാണ് സൗദി ഇഫ്താര്‍ സംഘടിപ്പിച്ചത്. പാകിസ്താനിലെ സൗദി അംബാസിഡര്‍ നവാഫ് ബിന്‍ സെയ്ദ് അല്‍ മാല്‍കി, പാകിസ്താന് മതകാര്യ മന്ത്രി മുഫ്തി അബ്ദുള്‍ ഷക്കൂര്‍ എന്നിവര്‍ ഇഫ്താറില്‍ പങ്കെടുത്തു. സൗദി ഭരണാധികാരി സല്മാന് രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനോടും രാജ്യത്ത് ഇഫ്താര്‍ സംഘടിപ്പിച്ചതിന് പാകിസ്താന് മന്ത്രി നന്ദി പ്രകടിപ്പിച്ചു. പാകിസ്താനില്‍ വിശുദ്ധ റമദാന് മാസത്തില്‍ ഇത്തരത്തിലുള്ള ചാരിറ്റബിള്‍ പരിപാടി സംഘടിപ്പിച്ചതിനാണ് മന്ത്രി നന്ദി പ്രകടിപ്പിച്ചത്. ശ്രീലങ്കയിലെ സൗദി അംബാസിഡര്‍ ഖാലിദ് ബിന്‍ ഹമൗദ് അല്‍ ഖ്വട്ടാനി, ഇസ്ലാമിക, സാംസ്ക്കാരിക കാര്യ മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ സെയിന്‍ അല്‍ അബിദിന് മൊഹമ്മദ് ഫൈസല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. ഇസ്ലാമിക വിശ്വാസികള്‍ക്കിടയിലെ ഐക്യദാര്‍ഢ്യം ഉറപ്പിക്കുന്നതില്‍ സൗദി നേതൃത്വത്തിന്റെ പങ്കിനെ ശ്രീലങ്കയിലെ സൗദി അംബാസിഡര്‍ ഖട്ടാനി പ്രസംശിച്ചു.

