KSDLIVENEWS

Real news for everyone

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കം 2026-ല്‍ തുറക്കും, നിര്‍മാണ പുരോഗതി വിലയിരുത്തി ഗഡ്കരി,

SHARE THIS ON

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ നിര്‍മാണം പുരോഗമിക്കുന്ന തന്ത്രപ്രധാന സോജില തുരങ്കം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി തിങ്കളാഴ്ച സന്ദര്‍ശിച്ചു. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഗഡ്കരിക്കൊപ്പമുണ്ടായിരുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനു വേണ്ടിയായിരുന്ന സന്ദര്‍ശനം. സോന്‍മാര്‍ഗില്‍ നിര്‍മിക്കുന്ന തുരങ്കം ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കും. ചരിത്രപരമെന്ന് തുരങ്കത്തെ വിശേഷിപ്പിച്ച ഗഡ്കരി, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന സ്വപ്‌നപദ്ധതിയുടെ ഭാഗമാണ് സോജില തുരങ്കമെന്നും പറഞ്ഞു. ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കത്തിന് 4,900 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 2026 ല്‍ തുരങ്കനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ശിശിരകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം ശ്രീനഗര്‍-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത് പതിവാണ്. ഇതുമൂലം സാധാരണ ജനങ്ങളുടെ ഗതാഗതവും സൈനികനീക്കങ്ങളും തടസ്സപ്പെടാറുണ്ട്. സോജില തുരങ്കത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നിലവില്‍ മൂന്ന് മണിക്കൂര്‍ യാത്രാസമയം വേണ്ടിവരുന്ന സ്ഥാനത്ത് തുരങ്കനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇരുപത് മിനിറ്റായി യാത്രാസമയം ചുരുങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സമുദ്ര നിരപ്പില്‍നിന്ന് 11,500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന തുരങ്കത്തില്‍ രണ്ട് വരി പാതയാണുള്ളത്. സോജില തുരങ്കനിര്‍മാണത്തിന് 12,000 കോടി രൂപയാണ് ആദ്യം നിര്‍മാണച്ചെലവ് വകയിരുത്തിയതെന്നും പിന്നീട് അന്താരാഷ്ട്ര തലത്തിലുള്‍പ്പെടെയുളള വിദഗ്ധരുമായി ഒരു കൊല്ലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിര്‍മാണച്ചെലവ് 5000 കോടി രൂപയ്ക്ക് താഴെയെത്തിക്കാന്‍ സാധിച്ചതെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പ്രതീക്ഷിച്ച ചെലവിനേക്കാള്‍ 5000 കോടി രൂപയിലധികം ലാഭിക്കാന്‍ സാധിച്ചതെന്നും നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി തൊഴിലാളികള്‍ മൈനസ് 26 ഡിഗ്രി സെല്‍ഷ്യസിലാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരങ്കനിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ടൂറിസവികസനം സാധ്യമാകുമെന്നും തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും ഗഡ്കരി പറഞ്ഞു. സ്വിറ്റ്‌സര്‍ലന്‍ഡിലേതുപോലെ റിസോര്‍ട്ടുകള്‍, സാഹസിക കായിക വിനോദങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ എന്നിവ ജമ്മു കശ്മീരില്‍ അവതരിപ്പിക്കണമെന്ന് ഗവര്‍ണറോടും സംസ്ഥാനസര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു. കാര്‍ഗില്‍ യുദ്ധസമയത്ത് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വിഭാവനം ചെയ്ത സുഗമമായ ഒരു സഞ്ചാരപാതയാണ് ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 25,000 കോടി രൂപ മുതല്‍മുടക്കില്‍ ജമ്മു കശ്മീരിലുടനീളം 19 ഓളം തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്ന നഷ്‌റി, ബനിഹാല്‍ മേഖലയിലാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. കൂടാതെ, ഗഗന്‍ഗിറിനെ സോനാമാര്‍ഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോര്‍ഹ് തുരങ്കം ഇക്കൊല്ലം ഒക്ടോബറില്‍ തുറക്കുമെന്നും ഗഡ്കരി അറിയിച്ചു.

Content Highlights: 13 kilometre long, Zojila tunnel, Jammu Kashmir,expected to be completed by 2026″

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!